നഗരസഭാദ്ധ്യക്ഷ വിശദീകരണം ആവശ്യപ്പെട്ടു
കാണാതായത് നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയവ

കട്ടപ്പന: നഗരസഭ കാര്യാലയ വളപ്പിലും ടൗൺ ഹാളിലുമായി സൂക്ഷിച്ചിരുന്ന വഴിവിളക്ക്, ട്രാഫിക് സിഗ്‌നൽ പോസ്റ്റുകൾ മോഷണം പോയി. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി റോഡുകൾക്ക് വീതികൂട്ടിയപ്പോൾ അറുത്തുമാറ്റി സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന നൂറിൽപ്പരം പോസ്റ്റുകളാണ് കാണാതായത്. മോഷണം സ്ഥിരീകരിച്ച നഗരസഭാദ്ധ്യക്ഷ ബീന ജോബി നഗരസഭാ സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് 2008ലാണ് ടൗൺ വികസന പദ്ധതിയുടെ ഭാഗമായാണ് വഴിവിളക്കുകളും സിഗ്‌നൽ ലൈറ്റുകളും സ്ഥാപിച്ചത്. എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് ഇവ സൗജന്യമായി സ്ഥാപിച്ചുനൽകിയത്. വൈദ്യുതി ചാർജ് മാത്രമാണ് പഞ്ചായത്ത് മുടക്കിയിരുന്നത്. നഗരത്തിലുടനീളം സ്ഥാപിച്ചിരുന്ന വഴിവിളക്കുകൾ വർഷങ്ങളോളം പ്രവർത്തിച്ചെങ്കിലും പിന്നീട് പ്രവർത്തനരഹിതമായി. അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരങ്ങളെ തുടർന്ന് സിഗ്‌നൽ ലൈറ്റുകളും പ്രയോജനപ്പെട്ടില്ല.

മോഷണം തുടരുന്നു ,

രണ്ട് വർഷമായി

2018-19 കാലഘട്ടത്തിൽ നഗര സൗന്ദര്യവത്കരണത്തെ തുടർന്ന് പോസ്റ്റുകൾ മുറിച്ചുമാറ്റി നഗരസഭ സ്റ്റേഡിയത്തിലും ടൗൺ ഹാളിലുമായി സൂക്ഷിച്ചിരുന്നു. ഇതോടൊപ്പം സൂചന ബോർഡുകളുടെ പോസ്റ്റുകളും എൽ.ഇ.ഡി. ലൈറ്റുകളും ഉണ്ടായിരുന്നു. ഇവയാണ് രണ്ട് വർഷത്തിനിടെ മോഷണം പോയത്. നിലവിൽ സ്റ്റേഡിയത്തിൽ ഏതാനും പോസ്റ്റുകളുടെ അവശിഷ്ടങ്ങൾ മാത്രമേയുള്ളൂ. മുറിച്ചുമാറ്റിയ വിവരം കരാറുകാരനെയും അറിയിച്ചിരുന്നില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ ലേലത്തിലൂടെ മാത്രമേ വിൽക്കാവൂ എന്നാണ് നിയമം. എന്നാൽ അങ്ങിനെയൊരു ലേലം നടന്നതായി നഗരസഭയ്ക്ക് അറിവില്ല.