upputhara
ഉപ്പുതറയിൽ സർക്കാർ കെട്ടിടത്തിൽ താമസിക്കുന്ന കുടുംബത്തെ ഒഴിപ്പിക്കാൻ പഞ്ചായത്ത് റവന്യു ഉദ്യോഗസ്ഥർ എത്തിയപ്പോൾ.

കളക്ടർ ഇടപെട്ടു,കുടുംബത്തെ ഒഴിപ്പിക്കാനുള്ള നീക്കം വിജയിച്ചില്ല


ഉപ്പുതറ: ധനസഹായം ലഭിച്ചിട്ടും സർക്കാർ കെട്ടിടത്തിൽ താമസിച്ചുവന്ന കുടുംബത്തെ ഒഴിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം പരാജയപ്പെട്ടു. പ്രളയത്തിൽ വീട് ഭാഗികമായി തകർന്നതിനെ തുടർന്ന് 2 വർഷമായി സർക്കാർ കെട്ടിടത്തിൽ താമസമാക്കിയ പതിയിൽ കുര്യനെയും കുടുംബത്തേയും ഒഴിപ്പിക്കാനാണ് പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. തുടർന്ന് കളക്ടർ ഇടപെട്ട് ഇവർക്ക് ഒഴിയാൻ ഒരാഴ്ച കൂടി സമയം അനുവദിച്ചതോടെ ഉദ്യോഗസ്ഥർ മടങ്ങി. 2019 ഓഗസ്റ്റിലെ പ്രളയത്തിൽ കുര്യൻ ഉൾപ്പെടെ നിരവധി പേരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇവരെ സർക്കാർ കെട്ടിടങ്ങളിലും വാടക വീടകളിലുമായി മാറ്റി പാർപ്പിക്കുകയായിരുന്നു. പിന്നീട് സർക്കാർ ധനസഹായം ലഭിച്ചതോടെ വീടുകൾ അറ്റകുറ്റപ്പണി നടത്തി മറ്റുള്ളവർ സ്വന്തം വീടുകളിലേക്കു മടങ്ങി. എന്നാൽ 2,60,000 രൂപ ലഭിച്ചിട്ടും കുര്യനും കുടുംബവും താമസിച്ചുവന്ന ആശുപത്രി ക്വോർട്ടേഴ്‌സ് പടിയിലെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കാർഷിക ഡെമോൺസ്ട്രഷൻ ഓഫീസ് കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ തയാറായില്ല.
വ്യവസ്ഥകൾക്കു വിരുദ്ധമായി സർക്കാർ കെട്ടിടത്തോട് ചേർന്ന് കന്നുകാലി തൊഴുത്ത് നിർമിക്കുകയും പരിസരത്ത് കൃഷി ചെയ്യുകയും ചെയ്തതോടെ രണ്ട് തവണ പഞ്ചായത്ത് നോട്ടീസ് നൽകി. എന്നാൽ കൂടുതൽ നഷ്ടപരിഹാരം കിട്ടാതെ കെട്ടിടം ഒഴിയില്ലെന്നായിരുന്നു കുര്യന്റെ വാദം. ഇന്നലെ രാവിലെ 10 ഓടെ പൊലീസിന്റെ സഹായത്തോടെ പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥർ ഒഴിപ്പിക്കാൻ സ്ഥലത്തെത്തി. വിവരം ധരിപ്പിച്ചെങ്കിലും കുര്യൻ വഴങ്ങാത്തതിനെ തുടർന്ന് ബലമായി ഒഴിപ്പിക്കാനുള്ള നടപടികളിലേക്കു നീങ്ങിയതോടെ കുര്യൻ കളക്ടറെ ഫോണിൽ ബന്ധപ്പെട്ടു. വിവരങ്ങൾ തിരക്കിയശഷം ഒരാഴ്ച കൂടി സമയം അനുവദിക്കാൻ പഞ്ചായത്തു സെക്രട്ടറിക്കും വില്ലേജ് ഓഫീസർക്കും കളക്ടർ നിർദേശം നൽകി. ഒരാഴ്ചക്കകം കെട്ടിടം ഒഴിഞ്ഞില്ലെങ്കിൽ തുടർ നടപടി ജില്ല ഭരണകൂടം സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റിന് കളക്ടർ ഉറപ്പുനൽകി.