madappli

ചങ്ങനാശേരി: പ്രകൃതിയുടെ താളം തെറ്റിയപ്പോൾ ദുരിതത്തിലായ മരച്ചീനി കർഷകർക്ക് ആശ്രയമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ് പദ്ധതി. മരച്ചീനിയുടെ ഉത്പാദനം കൂടിയിട്ടും കൊവിഡിനെ തുടർന്ന് വിപണിയിൽ ഉണ്ടായ പ്രതിസന്ധിമൂലം മരച്ചീനി വാങ്ങാൻ ആളില്ലാതായിരുന്നു. കാലവർഷക്കെടുതിയിൽ പെട്ടുപോകുമായിരുന്ന കർഷകരെ സഹായിക്കുന്നതിനാണ് മാടപ്പള്ളി ബ്ലോക്കും കൃഷി വകുപ്പും ക്ഷീര സംഘങ്ങളും കുടുംബശ്രീയും കൈകോർത്ത് കൈത്താങ്ങ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിൽ അധികമായുള്ള മരച്ചീനിയുടെ കണക്കെടുത്ത് നാല് പരിപാടികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മരച്ചീനി ഉദ്പാദനം കുറവുള്ള പഞ്ചായത്തിലെ ക്ഷീര സംഘങ്ങൾ വഴി വിപണനം, പഞ്ചായത്തിലെ കർഷകരും കുടുംബശ്രീകളുമായി ചേർന്ന് കുടുംബശ്രീകൾ വഴിയുള്ള വിപണനം, കൂടുതലായുള്ളതും വെള്ളംകയറി നശിക്കാൻ സാധ്യതയുള്ളതുമായ സ്ഥലങ്ങളിലെ മരച്ചീനി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ വാഹനത്തിൽ മറ്റ് സ്ഥലങ്ങളിൽ എത്തിച്ച് കർമ്മ സംഘങ്ങൾ വിപണനം നടത്തുക, പഞ്ചായത്തിൽ ലഭ്യമായ ഡ്രയർ യൂണിറ്റ് ഉപയോഗപ്പെടുത്തി ഉണക്കി സംഭരിക്കുക എന്നിവയാണ് നടപ്പിലാക്കുന്ന നിർദ്ദേശങ്ങൾ. ഇതിന്റെ ആദ്യപടിയായി ബ്ലോക്ക് പരിധിയിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിച്ചിട്ടുള്ള മാടപ്പള്ളി പഞ്ചായത്തിൽ നിന്ന് മരച്ചീനി ഉദ്പാദനം കുറവായ വാഴപ്പള്ളി പഞ്ചായത്തിലെ വടക്കേക്കര ക്ഷീര സംഘത്തിലേയ്ക്കുള്ള മരച്ചീനി നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി ഉദ്ഘാടനം ചെയ്തു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, മാടപ്പള്ളി ബ്ലോക്ക് വികസന കാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വിനു ജോബ്, മെമ്പർമാരായ ബീന കുന്നത്ത്, മാത്തുക്കുട്ടി പ്ലാത്താനം, സൈന വർഗീസ്, ഫിലോമിന മാത്യു തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തനങ്ങൾ ഏകോപ്പിച്ച് മാടപ്പള്ളി കൃഷി ഓഫീസർ ടി.ജ്യോതിയാണ്. വരും ദിവസങ്ങളിൽ വാകത്താനം പഞ്ചായത്തിലെ കുടുംബശ്രീ വഴിയുള്ള മരച്ചീനി വിൽപ്പന ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കൃഷി ഓഫീസർ അൻസി ചെയ്തുകഴിഞ്ഞു.