കോട്ടയം: സമൂഹ അടുക്കള, സി.എഫ്.എൽ.ടി.സി, ഡി.സി.സി., തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൊവിഡ് പ്രതിരോധത്തിൽ ഒതുങ്ങുന്നു. കൊവിഡ് പ്രതിരോധത്തിനുപോലും ഫണ്ടില്ലാതെ വിഷമിക്കുന്ന ഭൂരിഭാഗം പഞ്ചായത്തുകൾക്കും വികസനമേഖലയിലേക്ക് തിരിഞ്ഞു നോക്കാൻ കഴിയാത്ത അവസ്ഥയാണ്. ഭൂരിഭാഗം പഞ്ചായത്തുകളിലും പ്രാഥമിക ചികിത്സാകേന്ദ്രങ്ങളോ സെക്കൻഡറി കേന്ദ്രങ്ങളോ ഡി.സി.സികളോ ഉണ്ട്.
ഈ താൽക്കാലിക കൊവിഡ് ചികിത്സാകേന്ദ്രങ്ങളുടെ ക്രമീകരണത്തിന് പുറമെ ആബുലൻസ്, മരുന്ന്, പി.പി.ഇ കിറ്റുകൾ, സാനിറ്റൈസറുകൾ, മാസ്ക്, അണുനശീകരണം തുടങ്ങിയവയ്ക്കായും പണം കണ്ടെത്തണം. അനുവദനീയമായ തുക കൊണ്ട് ഇക്കാര്യങ്ങൾ പൂർണമായി നടത്താൻ കഴിയില്ല. ഇതിനൊപ്പം സമൂഹ അടുക്കളകൾക്കും ഭക്ഷ്യക്കിറ്റുകൾക്കും ഭാരിച്ച തുക ദിവസേന കണ്ടത്തേണ്ടതുണ്ട്.
ലോക്ക്ഡൗണിൽ മാർക്കറ്റുകൾ നിർജീവമായതോടെ ഭക്ഷ്യസാധനങ്ങൾ സൗജന്യമായി ലഭിക്കാനുള്ള സാഹചര്യവും കുറഞ്ഞു. പച്ചക്കറി ഉൾപ്പെടെയുള്ളയുള്ളവയുടെ വില വർദ്ധനയും തിരിച്ചടിയായി. സ്പോൺസർമാരെ കണ്ടെത്താൻ പോലും മിക്ക പഞ്ചായത്തുകളും വിഷമിക്കുകയാണ്. നിർബന്ധം ചെലുത്തിയാൽ ഒരു ചാക്ക് അരി ലഭിക്കും. എന്നാൽ, മറ്റ് സാധനങ്ങൾ എങ്ങനെ കണ്ടെത്തുമെന്നതാണ് ഭരണസമിതികളെ അലോസരപ്പെടുത്തുന്നത്.
കൊവിഡ് ബാധിതരുടെയും ക്വാറന്റൈനിലുളളവരുടെയും അഗതികളുടെയും കിടപ്പുരോഗികളുടെയും വീടുകളിലേക്കുള്ള പൊതിച്ചോർ വിതരണവും ഭാരിച്ച ചെലവാണ്. പുതിയ ഭരണസമിതികളായതിനാൽ ചെറിയ പാളിച്ചകൾ പോലും വലിയ വിവാദമാകുമെന്നതിനാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറാനും കഴിയില്ല.
മിക്ക പഞ്ചായത്തുകളിലും പ്രതിപക്ഷ പാർട്ടികൾ സമൂഹ അടുക്കളയും കിറ്റ് വിതരണവും നടത്തുന്നുണ്ട്. ഇവരുടെ മുന്നിൽ തോൽക്കാതിരിക്കണമെങ്കിലും ഭരണപക്ഷത്തിന് കൊവിഡ് പ്രതിരോധം ഊർജിതമാക്കണം.
പ്ലാൻഫണ്ടും, ഓൺ ഫണ്ടുമൊക്കെ കൊവിഡ‌് പ്രവർത്തനങ്ങളിലേക്ക് വഴി മാറ്റുന്നതിനാൽ പൊതുനിർമ്മാണ പ്രവർത്തനങ്ങൾക്ക് വഴിയില്ലാതായി. അടുത്തഘട്ടത്തിന് പണം അനുവദിക്കാനും പണമില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.