കോട്ടയം : ലോക്ക് ഡൗൺ വില്പന ലക്ഷ്യമിട്ട് മണിമലയിലും പള്ളിക്കത്തോട്ടിലുമായി സൂക്ഷിച്ചിരുന്ന ചാരായവും കോടയും പൊലീസ് സംഘം പിടികൂടി. രണ്ടിടത്ത് നിന്നുമായി മൂന്ന് ലിറ്റർ ചാരായവും 150 ലിറ്റർ കോട്ടയുമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ചാമംപതാൽ വടക്കേകുഴിക്കുന്നേൽ ഷാജിയെ (58) അറസ്റ്റ് ചെയ്തു.
ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും മണിമല, പള്ളിക്കത്തോട് പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഷാജിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പൊന്തൻപുഴ വനത്തിൽ നിന്ന് 120 ലിറ്ററോളം കോട പിടിച്ചെടുത്തത്. പുല്ലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്.കഴിഞ്ഞ ദിവസം മണിമല പൊലീസ് സ്റ്റേഷൻ പരിധിയിൽ ചങ്ങനാശേരി സ്വദേശികളായ ജാക്‌സൺ ഫിലിപ്പ് ( 28) , അരുൺ ഫിലിപ്പ് (26) എന്നിവരെ പിടികൂടിയിരുന്നു. പത്ത് ദിവസത്തിനിടെ അഞ്ച് ലിറ്റർ ചാരായവും 300 ലിറ്റർ കോടയുമാണ് പിടിച്ചെടുത്തത്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.അനിൽകുമാർ , പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.സുനിൽ , മണിമല സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജിമോൻ , എസ്.ഐമാരായ ഏലിയാസ് പോൾ, ജോമോൻ, വിദ്യാധരൻ, എ.എസ്.ഐമാരായ ഷിബു, സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിൻസ്, അൻസിം, ശ്രീജിത്ത് , രഞ്ജിത്ത് , ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ശ്രീജിത്ത് ബി.നായർ , തോംസൺ കെ.മാത്യു , കെ.ആർ അജയകുമാർ , എസ്.അരുൺ , ഷമീർ സമദ് , ഷിബു പി.എം , അനീഷ് വി.കെ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.