ചിറക്കടവ് : വെളുക്കാൻ തേച്ചത് പാണ്ടായെന്ന് പറഞ്ഞതുപോലായി ചിറക്കടവ് പാവട്ടിക്കൽപടി പാറാംതോട് റോഡിന്റെ അവസ്ഥ. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനായി റോഡിനരികിലൂടെ കുഴിയെടുത്ത് പൈപ്പിട്ടുകഴിഞ്ഞപ്പോൾ റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാതായി. മണിമല മേജർ കുടിവെള്ളപദ്ധതിയുടെ പൈപ്പിടാൻ നിർമ്മിച്ച കുഴി ശരിയായി മൂടാത്തതാണ് കാരണം. രണ്ടുമാസം മുൻപ് കോൺക്രീറ്റിംഗ് നടത്തിയ റോഡിന്റെ പലഭാഗത്തും അരികിലൂടെ കുഴിയെടുത്തത് കോൺക്രീറ്റ് പൊളിച്ചാണ്. പൈപ്പിട്ടതിന് ശേഷം മണ്ണിട്ടുമൂടിയത് പേരിന് മാത്രം. മഴ പെയ്തതോടെ ഇട്ട മണ്ണുമുഴുവൻ ഒലിച്ചുപോയി വലിയ കുഴിയായി മാറി. േകാൺക്രീറ്റ് റോഡ് നിറയെ ചെളിനിറഞ്ഞ് മൺപാതപോലെയായി. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ അരികലേക്കൊതുക്കിയാൽ കുഴിയിൽപ്പെട്ട് അപകടസാദ്ധ്യതയേറി. കഴിഞ്ഞ ദിവസം അരികലേക്കൊതുക്കാൻ ഇടമില്ലാതെ കടന്നുവന്ന പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടിരുന്നു.