പാലാ : ഓക്‌സിജൻ ഉല്പാദിപ്പിക്കുന്ന 1000 ലിറ്റർ /മിനിട്ട് ശേഷിയിലുള്ള പ്ലാന്റ് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രധാനമന്ത്രിയുടെ പി.എം.കെയർ ഫണ്ടിൽ നിന്നാണ് പ്ലാന്റ് അനുവദിച്ചിരിക്കുന്നത്.
ആശുപത്രി കോമ്പൗണ്ടിൽ കാത്ത് ലാബ് ബ്ലോക്കിന് പിന്നിലായാണ് പ്ലാന്റ് സ്ഥാപിക്കുക. എൽ & ടി കമ്പനിക്കാണ് പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ചുമതല. വായുവിൽ നിന്ന് വേർതിരിച്ചെടുന്ന ഓക്‌സിജൻ 95 ശതമാനം വരെ ശുദ്ധിയിൽ ഈ പ്ലാന്റിൽ നിന്ന് ലഭ്യമാകും. 60ൽപ്പരം വെന്റിലേറ്ററുകൾക്കും, 190ൽപ്പരം ബെഡ് ഓക്‌സിജൻ പോയിന്റുകൾക്കും, 30ൽ പരം ഹൈ ഫ്‌ളോ ഓക്‌സിജൻ യൂണിറ്റുകൾക്കും ഒരേ സമയം യഥേഷ്ടം ഓക്‌സിജൻ ലഭ്യമാകും. കൊവിഡ് രോഗബാധിതരിൽ ഭൂരിഭാഗം രോഗികൾക്കും കടുത്ത ശ്വാസതടസം ഉണ്ടാകുന്നതിനാൽ തടസമില്ലാതെ ഓക്‌സിജൻ നൽകേണ്ടതുണ്ട്. നിലവിൽ സിലിണ്ടറുകൾ ഫില്ലിംഗ് സ്റ്റേഷനുകളിൽ എത്തിച്ച് നിറച്ചാണ് ആശുപത്രിയിൽ ഓക്‌സിജൻ എത്തിക്കുന്നത്. നിരവധിതവണ ഓക്സിജൻ പ്രതിസന്ധി ആശുപത്രിയിൽ ഉടലെടുത്തിരുന്നു.
ഇനിയുള്ളത് വൈദ്യുതീകരണം
കേന്ദ്രീകൃത ഓക്‌സിജൻ വിതരണ പൈപ്പ് ലൈൻ ശൃംഖല നേരത്തെ സ്ഥാപിച്ചിരുന്നു. പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലേക്കും വാർഡുകളിലേയ്ക്കും ഓക്‌സിജൻ യഥേഷ്ടം ലഭ്യമാകും. വൈദ്യുതീകരണ നടപടികൾ കൂടി പൂർത്തിയായാൽ ആഴ്ചകൾക്കകം പ്ലാന്റ് പ്രവർത്തിച്ച് തുടങ്ങും. സമയബന്ധിതമായി പ്ലാന്റ് സ്ഥാപിച്ച കേന്ദ്ര സർക്കാരിനെയും വിവിധ വകുപ്പുകളെയും വിവിധ സംഘടനകളുടെ യോഗം അഭിനന്ദിച്ചു.