കാഞ്ഞിരപ്പള്ളി : ജില്ലയുടെ കിഴക്കൻ മേഖലയിലെ മെഡിക്കൽ കോളേജ് എന്നൊക്കെയാണ് പേര്.
എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ വീർപ്പുമുട്ടുകയാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി. മലയോര മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ ആതുരാലയം. മുൻപ് ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി ഇവിടെ ചികിത്സ തേടി എത്തിയിരുന്നു. കുമളി, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിൽ അപകടങ്ങൾ ഉണ്ടാവുമ്പോൾ പരിക്കേറ്റുന്നവരെ ആദ്യമെത്തിക്കുന്നത് ഇവിടെയാണ്. എന്നാൽ തീവ്രപരിചരണ വിഭാഗവും, വെൻറിലേറ്ററും ഇല്ലാത്തതു മൂലം 50 കി.മീ അകലെയുള്ള മെഡിക്കൽ കോളേജിനെ ആശ്രയിക്കണം.
നിലവിൽ 40 പേർക്ക് ഓക്സിജൻ സൗകര്യം ലഭ്യമാക്കുന്ന ചികിത്സാ സൗകര്യം ലഭ്യമാണെങ്കിലും
കൊവിഡ് ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ ലഭ്യമല്ല. കാത്ത് ലാബ് ഉദ്ഘാടനം ചെയ്തിട്ട് മൂന്നു മാസമായി. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ സൗജന്യമായി ലഭ്യമാകുമായിരുന്നുവെങ്കിലും
കാർഡിയോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, ടെക്നിക്കൽ സ്റ്റാഫ് ഉൾപ്പെടെ 15 ജീവനക്കാരെ നിയമിക്കാത്തതിനാൽ എട്ടരക്കോടിയോളം രൂപയുടെ ഉപകരണങ്ങൾ നാശത്തിന്റെ വക്കിലാണ്.
ഉപകരണങ്ങളുടെ ഉൾപ്പടെ
ചെലവഴിച്ചത് 10.36 കോടി
10.36 കോടി രൂപ ചെലവഴിച്ചാണ് 5100 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കാത്ത് ലാബ് നിർമ്മിച്ചത്. അഞ്ചു നിലകളിലായി എൺപതിനായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം പണിതുടങ്ങിയിട്ട് വർഷം അഞ്ചായി.
ശബരിമല തീർത്ഥാടകർക്കും, ഹൈറേഞ്ച് മേഖലയ്ക്കും, ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവർക്കും ഏറെ പ്രയോജനകരമാകുന്ന ഈ ആതുരാലയം സജ്ജമായാൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ ആരോഗ്യരംഗത്ത് വൻ കുതിച്ചു ചാട്ടമാവും ഉണ്ടാവുക.