പാലാ : ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് തടസ്സമായി നിൽക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബ്രിഡ്ജസ് വിഭാഗം ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകിയതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, മാണി.സി.കാപ്പൻ എം.എൽ.എ എന്നിവർ അറിയിച്ചു. ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രതിസന്ധിയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ പ്രശ്‌ന പരിഹാരം സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളാമെന്ന് മന്ത്രി ഉറപ്പുനൽകി. ചേർപ്പുങ്കൽ പാലം മുടങ്ങിയ ശേഷം ഉദ്യോഗസ്ഥ തലത്തിലും, സർക്കാർ തലത്തിലും നിലപാട് മാറ്റമില്ലാതെ വന്നപ്പോൾ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയും, കരാറുകാരനും കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പുറപ്പെടുവിച്ച വിധിയിൽ സർക്കാരിന് കൊടുത്ത നിർദ്ദേശം ആറ് ആഴ്ചക്കുള്ളിൽ പരാതി പരിശോധിച്ച് തീർപ്പുണ്ടാക്കാനാണ്. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് തലത്തിൽ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. സമാന്തര പാലം നിർമ്മിക്കുന്നത് കിടങ്ങൂർ പഞ്ചായത്തിന്റെ അതിർത്തി ഭൂമിയിലാണ്. മീനച്ചിലാറ്റിൽ മൂന്ന് സ്പാനിന്റെ നിർമ്മാണ ജോലികൾ നടക്കുന്നതിനിടയിലാണ് സർക്കാർ തലത്തിൽ ഉണ്ടായിരിക്കുന്ന സാങ്കേതിക പ്രശ്‌നത്തിൽ കുടുങ്ങി പാലം നിർമ്മാണം തടസപ്പെട്ടതെന്ന് എം.എൽ.എമാർ ചൂണ്ടിക്കാട്ടി.

ഗതാഗതക്കുരുക്ക് തുടർക്കഥ
ചേർപ്പുങ്കൽ മെഡിസിറ്റി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് നിരന്തരമായി എത്തുന്ന ആംബുലൻസുകൾക്കും, രോഗികളുമായി വരുന്ന വാഹനങ്ങൾക്കും യാത്രാ തടസം നേരിടുന്നത് നിത്യസംഭവമാണ്. സ്‌കൂൾ കോളേജ് ക്ലാസ്സുകൾ പൂർണ്ണമായി തുടക്കം കുറിച്ചാൽ നിലവിലുള്ള ചെറിയ പാലത്തിലൂടെയുള്ള വാഹന യാത്രയും, കാൽനട യാത്രയും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കാൻ പോകുന്നത്. ഇക്കാര്യങ്ങൾ ഗൗരവമായി സർക്കാർ കണക്കിലെടുക്കണമെന്ന് എം.എൽ.എമാർ മന്ത്രിയോട് അഭ്യർത്ഥിച്ചു.