വൈക്കം : വൈക്കം സത്യഗ്രഹ സമരത്തിന്റെ സ്മൃതികൾ ഉണർത്തുന്ന വൈക്കം കായലോരത്തെ സത്യഗ്രഹ സ്മൃതി ശില്പോദ്യാനം നാശത്തിന്റെ വക്കിൽ. കായലോര ബീച്ചിലെ കൽക്കെട്ടിനോട് ചേർന്നാണ് ഉദ്യാനം. കായലിലെ ശക്തമായ ഓളത്തിൽ കൽക്കെട്ടിനിടയിലൂടെ വെള്ളം അടിച്ചുകയറി ഉള്ളിലെ മണ്ണ് വാർന്നു പോയി ശില്പങ്ങൾ അടർന്ന് കായലിൽ പതിക്കുമെന്ന നിലയിലാണ്. 2015ൽ കേരള ലളിതകലാ അക്കാഡമി ഫൈൻ ആർട്ട്‌സ് കോളേജിലെ 10 അദ്ധ്യാപകരുടെ സഹായത്താൽ 12 ലക്ഷം രൂപ വിനിയോഗിച്ചാണ് ഉദ്യാനം തീർത്തത്. 2017ൽ ശില്പത്തിനു സമീപം ടൈൽ പാകി കമനീയമാക്കി സന്ദർശകർക്കായി ഇരിപ്പിടങ്ങളും സ്ഥാപിച്ചു. കഴിഞ്ഞ രണ്ടു പ്രളയകാലത്തും ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു ഉദ്യാനം. മണ്ണ് ഒഴുകപ്പോയി അകം പൊള്ളയായ കൽക്കെട്ടിനു സമീപം ചവിട്ടിയാൽ ടൈൽ തകർന്ന് ആൾ അപകടപ്പെടുന്ന സ്ഥിതിയാണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ വൈക്കം സത്യഗ്രഹത്തിന്റെ സ്മരണകൾ പ്രോജ്വലിപ്പിക്കുന്ന സത്യഗ്രഹ സ്മൃതി ശിൽപ ഉദ്യാനം ക്ഷേത്രനഗരിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കായലോര ബീച്ച് വൈക്കം നഗരസഭയുടെ ഉടമസ്ഥതയിലാണെങ്കിലും നാശോന്മുഖമായ ഉദ്യാനത്തിന്റെ സംരക്ഷണത്തിനായി കൽക്കെട്ട് നിർമ്മിക്കുവാൻ സാമ്പത്തിക പരാധീനത മൂലം നഗരസഭയ്ക്ക് കഴിയുന്നില്ല. ഉദ്യാനം പരിരക്ഷിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഉദ്യാനം നിർമ്മിച്ചത് : 2015 ൽ

നിർമ്മാണ ചെലവ് : 12 ലക്ഷം


ശില്പ ഉദ്യാനവും കായൽ തീരവും സംരക്ഷിക്കാൻ അടിയന്തിരമായി പണം കണ്ടെത്താൻ വൈക്കം നഗരസഭയ്ക്ക് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സർക്കാരിന്റെ അടിയന്തിര സഹായം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയടക്കമുളളവർക്ക് നവേദനം നൽകിയിട്ടുണ്ട്.
രേണുക രതീഷ് , മുനിസിപ്പൽ
ചെയർപേഴ്‌സൺ വൈക്കം