കട്ടപ്പന: ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ കുറ്റിക്കാടുകൾ വളർന്നതോടെ വാഹനങ്ങൾ അപകടഭീഷണിയിൽ. അടിമാലികുമളി ദേശീയപാതയിൽ ഇടുക്കി മുതൽ വെള്ളയാംകുടി വരെയും കട്ടപ്പനകുട്ടിക്കാനം സംസ്ഥാനപാതയിൽ ചപ്പാത്ത് വരെയുമുള്ള ഭാഗത്താണ് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുംവിധത്തിൽ കാട് വളർന്നുനിൽക്കുന്നത്. കൊടുംവളവുകളിൽ അടക്കം സ്ഥാപിച്ചിരിക്കുന്ന സൂചന ബോർഡുകളെല്ലാം മറച്ചാണ് കാടും വള്ളിപ്പടർപ്പുകളും വളർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പല സ്ഥലങ്ങളിലായി ദേശീയപാതയുടെ വശങ്ങളും ഇടിഞ്ഞിട്ടുണ്ട്.
ഇരുവശത്തു നിന്നും കാട് വളർന്ന് പടർന്നതോടെ റോഡുകളുടെ വീതിയും കുറഞ്ഞു. വളവുകളിൽ ഗതാഗതം തടസപ്പെടുന്ന വിധത്തിലാണ് കാടുവളർന്നു നിൽക്കുന്നത്. സൂചന ബോർഡുകൾ മറഞ്ഞതോടെ വാഹന യാത്രികർക്ക് വഴിതെറ്റുകയാണ്. ക്രാഷ് ബാരിയർ മറച്ചാണ് കാട് വളർന്നു പന്തലിച്ചു കിടക്കുന്നത്. കാലവർഷം ആരംഭിക്കുന്നതിനു മുൻപ് കുറ്റിക്കാട്ടുകൾ വെട്ടിമാറ്റണമെന്ന് ആവശ്യമുയർന്നു.