ചങ്ങനാശേരി: കാലവർഷത്തിനു മുന്നൊരുക്കമായി മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി മേഖലയിലെ ജലാശയങ്ങളിലെ പോളം നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. ചങ്ങനാശേരി -ആലപ്പുഴ ബോട്ട് റൂട്ട് കനാലിലെയും എസി കനാലിലേക്കുള്ള ഉപകനാലുകളിലെയും പോള നീക്കുന്ന ജോലികളാണ് നടത്തുന്നത്. ഇരു ജോലികൾക്കുമായി എട്ടരലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ചീഫ് എൻജിനീയറുടെ പ്രീമൺസൂൺ എമർജൻസി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ജോലികൾ പുരോഗമിക്കുന്നത്. കാലവർഷം ശക്തമാകുന്നതിന് മുൻപായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പോള നീക്കുന്നത് സംബന്ധിച്ച് അഡ്വ ജോബ് മൈക്കിൾ എം. എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
പോള നിറഞ്ഞ് കിടക്കുന്ന ചങ്ങനാശേരി ബോട്ട് ജെട്ടി മുതൽ വെട്ടിത്തുരുത്ത് പള്ളി വരെയുള്ള ഭാഗത്തെ ജലപാതയിലെ പോളയാണ് നീക്കം ചെയ്യുന്നത്. പോള നീക്കം ചെയ്തശേഷം നിർത്തിവെച്ചിരിക്കുന്ന ബോട്ട് സർവ്വീസ് പുനരാരംഭിക്കും. പോള നീക്കം ചെയ്യാൻ മുൻപ് തീരുമാനിച്ചിരുന്നെങ്കിലും ലോക്ക് ഡൗണും കൊവിഡും മൂലം നീട്ടി വയ്ക്കുകയായിരുന്നു. എ.സി കനാലിലെ പോള ഇടക്കാലത്ത് നീക്കം ചെയ്തിനാൽ മുൻപുള്ള രീതിയിലെ പോള ശല്യം ഇല്ല. അതിനാൽ നീക്കം ചെയ്യാനും എളുപ്പമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്തരിച്ച സി.എഫ് തോമസ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം കുട്ടനാട് പാക്കേജ് നോൺ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി പോള നീക്കം ചെയ്യുന്നതിനായി കരാർ തയ്യാറാക്കിയിരുന്നു. എ.സി കനാലിലേക്കുള്ള ഉപകനാലുകളായ പെരുമ്പുഴക്കടവ് തോട്, പാറയ്ക്കൽ തോട് എന്നിവിടങ്ങളിലെ പോളയും പദ്ധതിയിൽ ഉൾപ്പെടുത്തി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പ്രളയ കാലത്ത് കുട്ടനാടുകാരെ ചങ്ങനാശേരിയിലേക്ക് എത്തിക്കുന്നതിനുള്ള പ്രധാന പങ്ക് വഹിക്കുന്നത് ജലപാതകളാണ്. മുൻ വർഷങ്ങളിൽ ജലപാതകളിൽ പോളയും മാലിന്യങ്ങളും നിറഞ്ഞ് കിടക്കുന്നത് രക്ഷാപ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇത്തവണ ഇത് ഒഴിവാക്കി രക്ഷാപ്രവർത്തനം, ബോട്ട് യാത്ര എന്നിവ സുഗമമാക്കുന്നതിനുമാണ് പോള നീക്കൽ പ്രക്രിയ നേരത്തെ ആരംഭിച്ചത്.