അടിമാലി: മാദ്ധ്യമപ്രവർത്തകൻ മത്തായി തോമസ് ഇനിയില്ല എന്ന സത്യം ഉൾക്കൊള്ളാൻ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇനിയും കഴിഞ്ഞിട്ടില്ല. ശാന്തനും സൗമ്യ ശീലക്കാരനുമായിരുന്നു മത്തായി. മത്തായിയുടെ മരണം ഏവർക്കും താങ്ങാവുന്നതിനപ്പുറമായിരുന്നു. കൊവിഡ് മുക്തനായി മത്തായി കർമ്മമണ്ഡലത്തിൽ സജീവമാകുമെന്ന് എല്ലാവരും കരുതിയിരിക്കുമ്പോഴാണ് ആകസ്മികമായി മരണ വാർത്ത വന്നത്. ഏറെ നടുക്കത്തോടെയല്ലാതെ ആർക്കും ഇത് ഉൾക്കൊള്ളാനായില്ല. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റാണ്. കടുത്ത ഫുട്‌ബോൾ ആരാധാകനായിരുന്ന മത്തായി അറിയപ്പെടുന്ന ഫുട്‌ബോൾ കോച്ചുമായിരുന്നു. നിലവിൽ ഈസ്റ്റേൺ ന്യൂട്ടൺ സ്‌കൂളിലെ ഫുട്‌ബോൾ കോച്ചാണ്. പ്രാദേശിക പത്രപ്രവർത്തന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മത്തായി വീക്ഷണം മുൻ റിപ്പോർട്ടറും നിലവിൽ ചന്ദ്രിക ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനുമാണ്. അടിമാലിയിലെ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ ഭാരവാഹിയായി പല ഘട്ടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് മത്തായി. എല്ലാത്തിനും ഉപരിയായി ഒരു കോൺഗ്രസുകാരൻ എന്നതിൽ അദ്ദേഹം ഏറെ അഭിമാനിച്ചിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മത്തായി ചെറിയ വോട്ടുകൾക്കൾക്കാണ് പരാജയപ്പെട്ടത്. സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ മത്തായിയുടെ അകാലത്തിലെ വേർപാട് ഏവർക്കും ഒരു തീരാത്ത നൊമ്പരമായി. ഭാര്യ: അശ്വതി അടിമാലി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്. മക്കൾ: അമിത, അമൽ.