കട്ടപ്പന: പരമ്പരാഗത തോട്ടവിളകൾക്ക് പുറമേ ഫലവർഗങ്ങൾ കൂടി കൃഷി ചെയ്യാൻ പദ്ധതി തയ്യാക്കുമെന്നുള്ള ബഡ്ജറ്റ് പ്രഖ്യാപനം ചെറുകിട തേയില കർഷകർക്ക് ആശ്വാസകരമാകും. റംബുട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റീൻ, ലോങ്കൻ, പുതിയയിനം ഫലവർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്യാനും വിപണനം നടത്താനും ശേഖരിച്ച് സൂക്ഷിക്കാനും മൂല്യവർദ്ധന ഉറപ്പാക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പഠനവും ചർച്ചയും നടത്തി ആറ് മാസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ പദ്ധതി തയാറാക്കുമെന്നും ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഇടവിളയായി ഫലവർഗങ്ങൾ കൃഷി ചെയ്യാൻ സബ്‌സിഡി അനുവദിക്കണമെന്ന് ചെറുകിട തേയില കർഷകർ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാൽ കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ ബംഗാളിനും ആസാമിനുമായി പ്രഖ്യാപിച്ച 1000 കോടിയുടെ പാക്കേജിൽ ഈ നിർദേശങ്ങൾ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിൽ ടീ ബോർഡിന്റെ നേതൃത്വത്തിൽ ആഗോള തലത്തിൽ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന സംഘം ജില്ലയിൽ എത്തി തേയില കർഷകരുമായി ചർച്ച നടത്തിയിരുന്നു. തുടർച്ചയായ പ്രളയങ്ങളും കാലാവസ്ഥ വ്യതിയാനവും മൂലം ഉടലെടുത്ത പ്രതിസന്ധിയെത്തുടർന്ന് കർഷകർ നിരവധി നിർദേശങ്ങൾ മുന്നോട്ടുവച്ചു. ഇതിലൊന്നായിരുന്നു തേയില തോട്ടങ്ങളിൽ ഫലവർഗങ്ങൾ കൃഷി ചെയ്യുന്നത്. അനുകൂല കാലാവസ്ഥയായതിനാൽ ഓറഞ്ച്, ആപ്പിൾ, റമ്പൂട്ടാൻ, ലിച്ചി, സബർജെല്ലി, പാഷൻഫ്രൂട്ട്, പപ്പായ, മാവ്, പ്ലാവ് തുടങ്ങിയവ ഇടവിളയായി കൃഷി ചെയ്യാൻ കഴിയുമെന്ന് സംഘത്തെ അറിയിച്ചു. കർഷകരുടെ നിർദേശങ്ങൾ പരിഗണിക്കാമെന്ന് പറഞ്ഞ് സംഘം മടങ്ങി. എന്നാൽ രാജ്യത്തെ ആകെ തേയില ഉത്പാദനത്തിന്റെ 59 ശതമാനവും സംഭാവന ചെയ്യുന്ന തമിഴ്‌നാടിനെയും കേരളത്തിനെയും കേന്ദ്ര ബഡ്ജറ്റിൽ അവഗണിച്ചെന്നു മാത്രമല്ല, കേരളത്തിലെ കർഷകരുടെ നിർദേശങ്ങൾ ബംഗാളിനും ആസാമിനുമായി പ്രഖ്യാപിച്ച 1000 കോടിയുടെ പാക്കേജിൽ ഉൾപ്പെടുത്തുകയും ചെയ്തു.
സംസ്ഥാന ബഡ്ജറ്റിലെ കരുതൽ
ഉത്പാദനം കുറഞ്ഞ സാഹചര്യത്തിൽ ഫലവർഗങ്ങൾ കൃഷി ചെയ്യാനുള്ള പുതിയ പദ്ധതി കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്. ബഡ്ജറ്റ് പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ പറഞ്ഞു. തുടർച്ചയായ പ്രളയങ്ങളും കൊവിഡ് മഹാമാരിയും മൂലം കേരളത്തിലെ ഉത്പാദനം 40 ശതമാനം കുറഞ്ഞു. മൂന്നു വർഷത്തിലധികമായി ഉത്പാദനം വർദ്ധിച്ചിട്ടില്ല. നിലവിൽ 15.55 രൂപയാണ് പച്ചക്കൊളുന്തിന് വില. കഴിഞ്ഞ മാസത്തേയ്ക്കാൾ ഒരു രൂപ വർദ്ധിച്ചിട്ടുണ്ട്. കേരളത്തിനു പുറമേ തമിഴ്‌നാട്, ബംഗാൾ, ആസാം, ഉത്തരാഖണ്ഡ്, ത്രിപുര, നാഗാലാൻഡ് തുടങ്ങിയ 13 സംസ്ഥാനങ്ങളിലാണ് തേയിലക്കൃഷിയുള്ളത്. രാജ്യത്തെ ആകെ ഉത്പാദനത്തിന്റെ 32 ശതമാനം തമിഴ്‌നാട്ടിലും 27 ശതമാനം കേരളത്തിലുമാണ്. കേരളത്തിൽ ഏറ്റവുമധികം ഉൽപാദനം ഇടുക്കിയിലും രണ്ടാമത് വയനാട്ടിലുമാണ്. 26,000ൽപ്പരം ചെറുകിട തേയില കർഷകരാണ് ഇടുക്കിയിലുള്ളത്.