കട്ടപ്പന: ചെറുകിട കർഷകർക്ക് കൊവിഡ് വാക്‌സിനേഷന് സർക്കാർ സൗകര്യം ഒരുക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. കർഷകരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ വാക്‌സിനേഷൻ സെന്ററുകളിൽ നിന്ന് നിരാശരായി മടങ്ങുന്ന സ്ഥിതിയാണ്. സർക്കാർ, അർദ്ധ സർക്കാർ ഇതര ജീവനക്കാരുൾപ്പെടെ 43 വിഭാഗം ആളുകളെ കൊവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിൽ പെടുത്തി വാക്‌സിനേഷന് മുൻഗണനാക്രമം ഒരുക്കി. ഒരു പട്ടികയിലും ഉൾപ്പെടാത്ത കർഷകർക്കും കർഷക തൊഴിലാളികൾക്കും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ ജോർജ്, ടോമി തെങ്ങുംപള്ളിൽ, ആന്റണി മേടയിൽ, രാജേന്ദ്രൻ മാരിയിൽ എന്നിവർ പങ്കെടുത്തു.