kudu

കോട്ടയം: കൊവിഡും സ്കൂൾ തുറക്കാതുള്ള ഓൺലൈൻ ക്ലാസും കുട വിപണിയുടെ കാലൊടിച്ചു. രണ്ടു വർഷത്തെ സീസൺ നഷ്ടമായതോടെ വിപണി ഇനി എന്ന് കുടനിവർത്തുമെന്നറിയാതെ നിൽക്കുകയാണ് വ്യാപാരികൾ .

വരനും വധുവും ഒരു കുടക്കീഴിൽ നിന്ന് വെള്ളം ചവിട്ടിത്തെറിപ്പിച്ച്‌ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും, മഴ നനഞ്ഞ് സ്കൂൾ കുട്ടികൾ ബാഗുമായി ഓടുന്നതുമെല്ലാം കുടയില്ലാതെ കടന്നു പോകാത്ത ജൂൺ മാസ മഴക്കാഴ്ചകളായിരുന്നത് ഇന്ന് ഓർമയായി. തോരാമഴയുമായി മൺസൂൺ സീസണ്‍ വീണ്ടുമെത്തിയെങ്കിലും പുത്തൻ കുടവാങ്ങാൻ കുടക്കടകളിൽ തിരക്കേയില്ല.

കുട വെറും മഴക്കാലത്തിന്റെ മാത്രം പ്രതീകമായിരുന്നില്ല. അത് സ്റ്റാറ്റസിന്റെ പ്രതീകവും ഫാഷന്റെ ഭാഗവുമായിരുന്നു. സ്‌കൂൾ തുറക്കുമ്പോഴേയ്ക്കും ഒരു പുതിയ കുട എന്നത് പുത്തൻ യൂണിഫോം പോലെ ഓരോ സ്‌കൂൾ കുട്ടിയുടേയും അവകാശമായിരുന്നു.

സാധാരണ മഴക്കാലമെത്തും മുമ്പേ കുട വിപണി സജീവമാകും. മദ്ധ്യവേനലവധിക്കാലത്താകും ഒരു വർഷത്തെ വിൽപ്പന മുന്നിൽകണ്ട് പുത്തൻ ബ്രാൻഡ് കുടകളുടെ പരസ്യമെത്തുക. വിൽപ്പനയില്ലാത്തതിനാൽ ഇത്തവണ കുട നിർമാതാക്കളും നിശ്ശബ്ദരാണ്. അവരെ കാത്ത് വിപണിയോ, സ്‌കൂൾ കുട്ടികളോ ഇല്ല.

800 മുതൽ 1000 കോടി വരെയാണ് കുടയുടെ വിപണി. ഇതിൽ മുന്നിൽ ആലപ്പുഴയുടെ സ്വന്തം സെന്റ് ജോൺസ് ആയിരുന്നു. തല മുറ മാറിയപ്പോൾ സഹോദര സ്ഥാപനമായ പോപ്പിയും ജോൺസണുമാണ് വിപണിയിലെ താരങ്ങൾ. വർഷം തോറും പത്ത് ശതമാനം വീതം വിൽപ്പന വർദ്ധനവുണ്ടാകാറുള്ള വിപണി രണ്ട് വർഷമായി നിലം പൊത്തി വൻ നഷ്ടത്തിലാണെന്നാണ് പ്രമുഖ കുട നിർമാതാക്കൾ പറയുന്നത്.

വില

മൂന്നു മടക്ക് - 350 -500

കമ്പിക്കാലൻ -500- 550

തടിക്കാലൻ -600- 650 .

സാധാരണ മേയ് , ജൂൺ മാസങ്ങളിൽ പത്തു ലക്ഷം രൂപയുടെ വരെ കച്ചവടം ഉണ്ടാകാറുണ്ട്. കൊവിഡ് വ്യാപനം വന്നതോടെ രണ്ടു വർഷമായി കച്ചവടം തീരെയില്ല. സ്കൂളുകൾ തുറക്കാത്തതിനാൽ പുതിയ കുടയ്ക്ക് ആവശ്യക്കാരില്ല. പകരം പഴയ കുട നന്നാക്കിയെടുക്കാനാണ് പലരുമെത്തുന്നത്. കൊവിഡ് കാരണം കാൽ നടയാത്ര ഒഴിവാക്കി സ്വന്തം വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതും വിൽപ്പനയെ ബാധിച്ചു .

കുര്യൻ തോമസ്, കുടവ്യാപാരി , കളരിക്കൽ ബസാർ കോട്ടയം