paddy

കുമരകം: നെല്ലിന്റെ വില രണ്ടു മാസമായിട്ടും ലഭിച്ചില്ലെന്ന് കർഷകരുടെ പരാതി. മാരാൻ കായൽ ആപ്പുകായൽ തുടങ്ങിയ കുട്ടനാടൻ പാടങ്ങളിലെ കർഷകരാണ് സപ്ലെൈക്കോയ്ക്ക് നെല്ല് നൽകിയതിന്റെ പി. ആർ.എസ് ബാങ്കിലേൽപ്പിച്ച് പണം എത്തുന്നതും കാത്തിരിക്കുന്നത്. മാരാൻ കായലിലെയും ആപ്പുകായലിലേയും 700 ഏക്കറിലെ നെല്ല് നൽകിയിട്ട് ഒരു കർഷകനും ഇതുവരെ ഒരു രുപ പോലും അക്കൗണ്ടിൽ എത്തിയിട്ടില്ല. പുഞ്ച കൃഷി ചെയ്ത് ഉല്പാദിപ്പിച്ച 1500 ക്വിന്റലിലധികം നെല്ലിന്റെ വിലയാണ് രണ്ടു പാടശേഖരങ്ങളിലെ കർഷകർക്കുമാത്രം ലഭിക്കാനുള്ളത്.

നെല്ല് നൽകിയാലുടൻ ബാങ്കിൽ നിന്നും പണം ലഭിക്കുമെന്നായിരുന്നു കൃഷി മന്ത്രിയുടെ ഉറപ്പ്. എന്നാൽ കർഷകന് വിളവെടുപ്പും നെല്ല് വില്പനയും വില ലഭിക്കുന്നതും എല്ലാം ഇപ്പൊഴും പ്രതിസന്ധി തന്നെ. പുഞ്ച കൃഷി മാത്രം ചെയ്യുന്ന പാടങ്ങളായതിനാൽ വർഷത്തിൽ ഒറ്റ തവണ മാത്രമാണ് കർഷകർക്ക് വരുമാനം ലഭിക്കുന്നത്. കടം വാങ്ങി കൃഷി നടത്തുന്ന കർഷകർക്ക് നെല്ലുവില ലഭിക്കാൻ വെെകുന്നത് കൂടുതൽ പലിശ നൽകേണ്ട അവസ്ഥ സൃഷ്ടിക്കുന്നു.

'കൊവിഡ് കാരണമാണ് നെല്ലിന്റെ പണം അക്കൗണ്ടിൽ എത്താൻ വൈകുന്നത്. മാർച്ച് 28 വരെയുള്ള പി.ആർ.എസിന്റെ പണം നൽകിക്കഴിഞ്ഞു. ബാക്കി നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്'.

-പാഡി മാർക്കറ്റിംഗ് ഓഫീസർ