thavalapara


കട്ടപ്പന: തവളപ്പാറയിലെ ഉരുൾപൊട്ടൽ സാദ്ധ്യത മേഖലയിൽ മുളംതൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതി ദിനത്തിൽ റവന്യു വകുപ്പിന്റെയും നഗരസഭയുടെയും സഹകരണത്തോടെ നൂറിലധികം തൈകൾ നട്ടു. പ്രളയങ്ങൾക്ക് ശേഷം സ്ഥലം സന്ദർശിച്ച വനപാലകനാണ് മുളങ്കാടുകൾ മണ്ണിടിച്ചിലിനെ പ്രതിരോധിക്കുമെന്ന ആശയം നാട്ടുകാരുമായി പങ്കുവച്ചത്. ഉരുൾപൊട്ടൽ സാദ്ധ്യത പ്രദേശങ്ങളിൽ മുളംതൈകൾ വച്ചുപിടിപ്പിച്ചാണ് മണ്ണൊലിപ്പ് തടയാമെന്നായിരുന്നു നിർദേശം. ഇത് ഫലപ്രദമാണെന്ന് റവന്യു ഉദ്യോഗസ്ഥർക്കും ബോധ്യപ്പെട്ടിരുന്നു. കട്ടപ്പന വില്ലേജ് ഓഫീസർ ജയ്‌സൺ ജോർജിന്റെ ഇടപെടലിലൂടെയാണ് സോഷ്യൽ ഫോറസ്റ്ററിയിൽ നിന്ന് മുളം തൈകൾ ലഭിച്ചത്. നഗരസഭയുടെ സഹായത്തോടെ തൊഴിലുറപ്പിൽ പെടുത്തി തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് ഇന്നലെ തുടക്കം കുറിക്കുകയായിരുന്നു. മുളങ്കാടുകൾ ഉണ്ടാക്കാൻ 5000 തൈകളാണ് വച്ചുപിടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കാലവർഷ സമയത്ത് തവളപ്പാറയിലെ താമസക്കാർക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. വേനൽക്കാലത്ത് ഇവിടുത്തെ മലമുകളിൽ തീയിടാറുണ്ട്. അതുകൊണ്ട് മുളകൾ പൂർണ വളർച്ച എത്തുന്നതുവരെ നാട്ടുകാരുടെ നേതൃത്വത്തിൽ കൂട്ടായ്മ രൂപീകരിച്ച് തൈകൾ സംരക്ഷിക്കാനാണ് തീരുമാനം.