രാജാക്കാട് : അടിമാലി റൂട്ടിൽ പൊന്മുടി തൂക്കുപാലത്തിന് സമീപം വിഭാവനം ചെയ്തിരിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിക്കണമെന്ന ആവശ്യം ശക്തമായി.ഡാം ടോപ്പ് വഴി പൊന്മുടിയിലേയ്ക്കുള്ള റോഡിന്റെ വശമിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാൽ നിലവിൽ പന്നിയാർകൂട്ടി കുളത്രക്കുഴി റോഡിലൂടെയാണ് ഗതാഗതം. കുളത്രക്കുഴി ഭാഗത്തെ കൊടും വളവിൽ വാഹനങ്ങൾ അപകടത്തിപ്പെടുന്നത് പതിവാണ്. റോഡ് പുനർ നിർമ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് വർഷങ്ങൾ പിന്നിടുമ്പോഴും പൂർത്തിയായിട്ടില്ല.ഈ റോഡിന്റെ സമാന്തരമായി ചേലച്ചുവട്ടിൽ നിന്നും ആരംഭിച്ച് പൊന്മുടി ഗ്രോട്ടോ ജംഗ്ഷനിലെത്തുന്ന റോഡിൽ തൂക്കുപാലത്തിന്റെ സമീപത്തായി പുതിയ പാലം നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് സർവ്വേ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതാണ്. രണ്ട് വർഷം മുൻപ് മണ്ണിന്റെയും പാറയുടെയും ഉറപ്പ് പരിശോധിക്കുകയും ചെയ്തു. എന്നാൽ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഏറെ പ്രതീക്ഷ നൽകുന്ന പാലം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം