vaccine

കോട്ടയം : ബുക്കിംഗ് ഓൺലൈനിൽ മാത്രമാക്കുകയും വാക്സിൻ ആവശ്യത്തിന് ലഭിക്കാതിരിക്കുകയും ചെയ്തതോടെ ജില്ലയിലെ വാക്‌സിനേഷൻ ആകെ കുഴഞ്ഞു മറിഞ്ഞു. പ്രായമായ പലർക്കും ഇതുവരെയും വാക്സിൻ ലഭിച്ചിട്ടില്ല. 45 ന് മുകളിൽ പ്രായമുള്ളവർക്ക് നേരത്തെ സ്‌ളോട്ട് അനുവദിച്ചിരുന്നു. എന്നാൽ, ആ സമയത്ത് ആവശ്യത്തിന് വാക്സിനില്ലാഞ്ഞതിനാൽ പലർക്കും എടുക്കാനായില്ല.
ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ സ്ലോട്ടുകൾ നിറയുന്നതും ബുക്കിംഗിനെക്കുറിച്ച് അറിയാൻ വൈകുന്നതുമാണ് വൃദ്ധരെ ബുദ്ധിമുട്ടിക്കുന്നത്.
വാക്സിനേഷൻ ദിവസമാണ് സെന്ററുകളുടെ വിവരങ്ങൾ മാദ്ധ്യമങ്ങളിൽ വരുന്നത്. എന്നാൽ, ഇതിനായുള്ള ബുക്കിംഗ് തലേന്ന് നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. ശ്രദ്ധയോടെ ഇരുന്നാൽ മാത്രമേ, ഓൺലൈനിൽ ബുക്കിംഗ് സാദ്ധ്യമാകൂ. ആരംഭിച്ച് അഞ്ചു മിനിറ്റിനുള്ളിൽ സ്ലോട്ടുകൾ നിറയും.
മറ്റാരെങ്കിലും സഹായിക്കാനുണ്ടെങ്കിൽ മാത്രമേ വൃദ്ധർക്ക് ബുക്ക് ചെയ്യാൻ കഴിയൂ. സഹായിക്കാൻ ആളില്ലാത്തതിനാൽ ആദ്യ ഡോസ് വാക്സിൻ എടുക്കാൻ കഴിയാത്തവർ ജില്ലയിലുണ്ട്. ഇന്റർനെറ്റ് സൗകര്യം കുറഞ്ഞ മേഖലകളിലുള്ളവരും ബുദ്ധിമുട്ടുന്നു.
ഇതിനൊപ്പമാണ് മുൻകൂർ അറിയിച്ച കേന്ദ്രങ്ങളിൽ വാക്സിനേഷൻ ഇല്ലാതെ പോകുന്നത്. ഞായറാഴ്ചയ്ക്കുത്തേയ്ക്കുള്ള അറിയിപ്പു പ്രകാരം പള്ളിക്കത്തോട് കമ്മൂണിറ്റി ഹാളിൽ വാക്സിനേഷൻ ഉണ്ടായിരുന്നു. എന്നാൽ, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചപ്പോൾ സെന്ററിന്റെ പേരുണ്ടായിരുന്നില്ല. പല ദിവസങ്ങളിലും പല സെന്റററുകളുടെ കാര്യത്തിലും ഇതേ ആശയക്കുഴപ്പമുണ്ടാകുന്നു. സെന്റർ തെരയുന്നതിനിടെ സമീപത്തെ കേന്ദ്രങ്ങളില്ലൊം ബുക്കിംഗ് അവസാനിക്കുകയും ചെയ്യും.