വൈക്കം: ശരിക്കും മത്സ്യത്തൊഴിലാളികൾ പെട്ട അവസ്ഥയിലാണ്. കൊവിഡ് ദുരിതത്തിനൊപ്പം വേമ്പനാട്ടു കായലിലെ പോള മത്സ്യത്തൊഴിലാളികളുടെ അന്നം മുടക്കുകയാണ്. പോളയ്ക്ക് പുറമേ വലിയതോതിൽ വളർന്ന പുല്ല് കായലിൽ നിറയുകയാണ്. മത്സ്യ,കക്ക തൊഴിലാളികൾക്ക് ചെറുവള്ളങ്ങളിൽ കായലിലെത്തി പണിയെടുക്കുന്നതിന് കഴിയാത്ത സ്ഥിതിയുണ്ട്. മത്സ്യതൊഴിലാളികളുടെ വലകളിൽ പോളയും പായലും പല്ലും കുടുങ്ങി വലകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നു. ഊന്നിവല കെട്ടാനായി കായലിന് കുറുകെ നാട്ടിയിരിക്കുന്ന നീളമേറിയ അടക്കാമരങ്ങൾ പോളയും പായലും പുല്ലും അടിഞ്ഞ് ഒടിഞ്ഞുനശിക്കുകയാണ്. വൻ തുക വിനിയോഗിച്ച് നിരവധി തൊഴിലാളികളുടെ അധ്വാനഫലമായി കായലിൽ താഴ്ത്തിയിരിക്കുന്ന ഊന്നിക്കുറ്റികളുടെ നാശം മത്സ്യതൊഴിലാളികൾക്ക് കനത്ത പ്രഹരമാകുകയാണ്. ഇത് മത്സ്യത്തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. മഴ കനത്തതോടെ കായൽ ജലത്തിൽ ലവണാംശം കുറഞ്ഞതിനാൽ പായൽ ചീഞ്ഞ് നശിക്കുന്നില്ല. കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലെയും നെൽകൃഷി കഴിഞ്ഞതിനെ തുടർന്ന് തണ്ണീർമുക്കം ബണ്ടും കരിയാർ സ്പിൽവേയും ഓരുമുട്ടുകളും തുറന്നതോടെ ഉൾപ്രദേശത്തെ ഇടയാറുകളിലെയും പാടശേഖരവുമായി ബന്ധപ്പെട്ട ജലാശയങ്ങളിലെയും പായലും മറ്റും കായലിലേക്കു ഒഴുകിയെത്തുകയായിരുന്നു. മഴ നീങ്ങി കായലിൽ ഉപ്പുവെള്ളത്തിന്റെ തോതുയർന്നാൽ മാത്രമേ പോള ചീഞ്ഞുതാഴുവെന്നും ഇപ്പോഴത്തെ സ്ഥിതിയിൽ ഏതാനും മാസങ്ങൾ ഈ പ്രതിസന്ധി തുടരാനാണ് സാധ്യതയെന്നും മൽസ്യതൊഴിലാളികൾ പറയുന്നു.
ബോട്ട് സർവീസ് പ്രതിസന്ധിയിൽ
പോള നിറഞ്ഞതോടെ വേമ്പനാട്ടുകായലിൽ ജലഗതാഗതവും പ്രതിസന്ധിയിലാണ്. ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസ് നടക്കുന്ന വൈക്കം, കുമരകം,ആലപ്പുഴ, ചങ്ങനാശേരി,മുഹമ്മ,പെരുമ്പളം,എറണാകുളം തുടങ്ങിയ ഫെറികളിലും ജലപാതകളിലും ജലഗതാഗതം ദുഷ്‌കരമാകുകയാണ്. ലോക് ഡൗണിനെ തുടർന്ന് ഭൂരിഭാഗം ഫെറികളിലും നാമമാത്ര സർവ്വീസാണ് നടത്തുന്നത്. തവണക്കടവ് ജെട്ടിയോട് ചേർന്നുള്ള ഭാഗം കണ്ടയ്ൻമെന്റ് സോണായതിനാൽ വൈക്കം തവണക്കടവ് ഫെറിയിൽ ബോട്ട് സർവീസ് നടക്കുന്നില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ വൈക്കം തവണക്കടവ് സർവീസ് പുനരാരംഭിക്കും.പോള കായലിൽ നിറഞ്ഞതിനാൽ ജലഗതാഗതം ദുഷ്‌കരമാകുമെന്ന് സ്റ്റേഷൻമാസ്റ്റർ കെ.ജി.ആനന്ദൻ പറഞ്ഞു.