ഏറ്റുമാനൂർ : സാങ്കേതിക തർക്കങ്ങൾ മൂലം നിലച്ച ചേർപ്പുങ്കൽ സമാന്തരപാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. തോമസ് ചാഴിക്കാടൻ എം.പിക്കൊപ്പം പാലം നിർമ്മാണ സ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചേർപ്പുങ്കൽ പള്ളിക്കു സമീപം മീനച്ചിലാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം ഒരു വർഷമായി നിലച്ച അവസ്ഥയിലാണ്.. നിലവിലുള്ള പാലത്തിന് വീതി കുറവായതുകൊണ്ടാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. മൂന്ന് തൂണുകളുടെ പണി കഴിഞ്ഞു. അതിനുശേഷമാണ് സാങ്കതിക തർക്കങ്ങളിൽപെട്ട് നിർമ്മാണം മുടങ്ങിയത്. ഇന്നുതന്നെ പൊതുമരാമത്ത് മന്ത്രിയുമായി വിഷയം ചർച്ച ചെയ്ത് ഉദ്യോഗസ്ഥ തലത്തിൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കും.സർക്കാരിന് കൂടുതൽ സാമ്പത്തിക ബാധ്യതയൊന്നും വരാതെ തന്നെ പാലത്തിന്റെ പണി പൂർത്തിയാക്കാൻ സാധിക്കും.അതുകൊണ്ടുതന്നെ കാല താമസമില്ലാതെ പണികൾ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്ജ്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ആർ രഘുനാഥൻ, ഏരിയാ സെക്രട്ടറി പി.എൻ. ബിനു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.