അടിമാലി.ഏ: മൊബൈൽ നെറ്റ് വർക്കില്ല പഴംപിള്ളിച്ചാലിലെ കുരുന്നുകൾക്ക് ഓൺ ലൈൻ പഠനം വിദൂര സ്വപ്നമാകുന്നു. അടിമാലി ഗ്രാമ പഞ്ചായത്തിലെ അതിർത്തി ഗ്രാമങ്ങളിലൊന്നായ പഴമ്പിള്ളിച്ചാലിലെ കുട്ടികൾക്കാണ് ഈ ദുർഗതി. സർക്കാരിനോ, ഇതര സ്വകാര്യ മൊബൈൽ കമ്പനികക്കോ ഇവിടെ ടവർ ഇല്ല. ആവലാതികളും അപേക്ഷകളും നൽകി അധികൃത വാതിലുകൾ കയറിയിറങ്ങി യതല്ലാതെ അധികാരികളുടെ കണ്ണുകളിൽ നാളിതുവരെ വെളിച്ചം വീണിട്ടില്ല. സ്വകാര്യ കേബിൾ കമ്പനിയുടെ വൈ ഫൈ സംവിധാനമാണ് നിലവിൽ പഠനത്തിനുള്ള ഏക ആശ്രയം. വൈ ഫൈ സംവിധാനമുള്ളതാകട്ടെ വിരലിലെണ്ണാവുന്ന വീടുകളിലും. നാനൂറോളം കുടുംബങ്ങളാണ് പഴംമ്പിള്ളിച്ചാലിലുള്ളത്. നിലവിൽ എഴുപതോളം വീടുകളിലാണ് വൈഫൈ കണക്ഷൻ ഉള്ളത്. ഇവയെല്ലാം പഠിക്കുന്ന കുട്ടികളുള്ള വീടുകളിലുമല്ല. കണക്ഷൻ ഉള്ള വീടുകളിൽ കൂട്ടമായെത്തിയാണ് കുട്ടികൾ ഓൺ ലൈൻ പഠനം നടത്തുന്നത്. കൊറോണക്കാലമായതിനാൽ അന്യ വീടുകളെ ആശ്രയിക്കുന്നതിനും പരിമിതികൾ നിലനിൽക്കുന്നു. കേബിൾ ശ്രംഖലയ്ക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ് നിലവിൽ കണക്ഷനുകളുടെ എണ്ണം. ഇത് നെറ്റ് വർക്കിന്റെ വേഗതയും പരിമിതമാക്കുന്നു. ക്ലാസ്സുകൾ കേൾക്കാൻ കഴിയുന്നതിനപ്പുറം ഡേറ്റാ ഡൗൺലോഡിംഗും മറ്റും ദുഷ്‌കരവുമാണ്. വനാതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ കാറ്റിലും മഴയിലും ശിഖരങ്ങൾ ഒടിഞ്ഞ് വീഴുന്നതും മരങ്ങൾ കടപുഴകി വീണ് ലൈനുകൾ തകരാറിലാവുന്നതും വൈദ്യുതി മുടങ്ങുന്നതും നിത്യ സംഭവമാണ്. വൈദ്യുതി മുടങ്ങിയാൽ വൈ ഫൈയും നിലയ്ക്കും. വീണ്ടുമൊരു അദ്ധ്യയന വർഷം കൂടി വന്നതോടെ മാതാപിതാക്കൾ ആശങ്കയുടെ മുൾമുനയിലാണ്. വൈദ്യുതി മുടങ്ങിയാലും അത്യാഹിതമുണ്ടായാലും വിവരമറിയിക്കാൻ ആറ് കിലോമീറ്റർ സഞ്ചരിക്കണം.