കട്ടപ്പന: പരിസ്ഥിതി ദിനത്തിൽ സോഷ്യൽ ഫോറസ്റ്ററിയുടെ സഹകരണത്തോടെ ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ 1000 വൃക്ഷതൈകൾ വിതരണം ചെയ്തു. യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജസ്വിൻ ചാക്കോ വിതരണോദ്ഘാടനം നിർവഹിച്ചു. വിവിധ ഇടവകളിലെ വികാരിമാരുടെ നേതൃത്വത്തിൽ തൈകൾ നട്ടു. യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സഭാ പരിസ്ഥിതി കമ്മിഷൻ വൈസ് പ്രസിഡന്റ് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത എന്നിവർ സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണം വിഷയമാക്കി ഭദ്രാസന തലത്തിൽ നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ ചേറ്റുകുഴി മാർ ഗ്രീഗോറിയോസ് ഒന്നാം സ്ഥാനവും കുങ്കിരിപ്പെട്ടി സെന്റ് തോമസ് രണ്ടാം സ്ഥാനവും വാഴവര മാർ ഗ്രീഗോറിയോസ് മൂന്നാം സ്ഥാനവും നേടി. പ്രകൃതി സംരക്ഷണ ബോധവത്കരണത്തിനായി ഇടുക്കി ഭദ്രാസന യുവജന പ്രസ്ഥാനം തയാറാക്കിയ ഡോക്യുമെന്ററിയും പ്രകാശനം ചെയ്തു. ഭദ്രാസന സെക്രട്ടറി സിജോ എവറസ്റ്റ്, ബിനോയി കുര്യാക്കോസ്, ഷാജൻ എബ്രഹാം, മനു ബാബു, തോമസ് ഫിലിപ്പ്, മാത്യു എണ്ണയ്ക്കൽ, ലിജിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.