കട്ടപ്പന: ജല അതോറിറ്റിയുടെ പമ്പിംഗ് മുടങ്ങിയതോടെ ഉപ്പുതറയിൽ 5 ദിവസമായി കുടിവെള്ളമില്ല. പ്രധാന പമ്പ്ഹൗസിലെ കാലപ്പഴക്കം ചെന്ന മോട്ടോർ തകരാറിലായതോടെയാണ് വിതരണം നിലച്ചത്. ഇതോടെ രാജീവ് ഗാന്ധി കോളനിയിലെ കൊവിഡ് ബാധിതർ , ഒൻപതേക്കർ പട്ടികജാതി കോളനി, ടൗണിലെ വ്യാപാരികൾ തുടങ്ങി 3500ൽപ്പരം ആളുകൾക്കാണ് കുടിവെള്ളം മുട്ടിയത്. അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള യന്ത്രങ്ങളാണ് പമ്പ്ഹൗസിലും ബൂസ്റ്റർ പമ്പ് ഹൗസിലുമുള്ളത്. മോട്ടോറും പമ്പ് സെറ്റുകളും തകരാറിലാകുന്നതോടെ വിതരണം നിലയ്ക്കും. മോട്ടോറോ പമ്പ്‌സെറ്റോ വിതരണ പൈപ്പുകളോ യഥാസമയം അറ്റകുറ്റപ്പണി നടത്താൻ കരാറുകാരും തയാറാകുന്നില്ല.
40 കൊവിഡ് ബാധിതരാണ് രാജീവ് ഗാന്ധി കോളനിയിലെ വീടുകളിൽ കഴിയുന്നത്. അതോറിറ്റിയുടെ വിതരണം മുടങ്ങിയതോടെ ജാഗ്രതാ സമിതി പ്രവർത്തകരാണ് വെള്ളം എത്തിച്ചുനൽകുന്നത്. ഒൻപതേക്കർ അടക്കമുള്ള പ്രദേശങ്ങളിലുള്ളവർ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്.