
ചങ്ങനാശേരി: പ്രതീക്ഷയുമായി വഴിയോര വിപണി വീണ്ടും സജീവമായി. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ മാർഗമില്ലാതെ വലഞ്ഞ കർഷകർ നേരിട്ടാണ് ഇത്തവണ വഴിയോരങ്ങളിൽ എത്തിയിരിക്കുന്നത്. കപ്പ, പൈനാപ്പിൾ, മുന്തിരി, ഏത്തയ്ക്ക തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങൾ മാർക്കറ്റുകളിൽ എത്തിച്ചെങ്കിലും അത് എടുക്കാൻ മിക്ക വ്യാപാരികളും തയാറായില്ല. നിസാര വില നല്കി കർഷകരെ ചൂഷണം ചെയ്യുവാനാണ് ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്. ഇതോടെയാണ് കർഷകർ ഉല്പന്നങ്ങളുമായി തെരുവിൽ ഇറങ്ങിയത്.
കപ്പ, പാവയ്ക്ക, ചീര, മുന്തിരി , പൈനാപ്പിൾ, ഉണക്കമീൻ തുടങ്ങിയ വഴിയോര വിൽപ്പനകൾ ആണ് പ്രധാനമായും വഴിയോരങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. അഞ്ച് കിലോ പൈനാപ്പിൾ നൂറ് രൂപ, ഒന്നരക്കിലോ മുന്തിരി 100, അഞ്ച് കിലോ കപ്പ 100, മൂന്ന് കിലോ പാവയ്ക്ക 100 എന്നിങ്ങനെയാണ് വഴിയോരത്തെ വില. തുറന്ന വാഹനത്തിലിട്ടാണ് പ്രധാനമായും കച്ചവടം. ലോക്ക്ഡൗൺ ആയതിനാലും യാത്രക്കാർ കുറവായതിനാലും കച്ചവടം മെച്ചമില്ലെന്ന് ഇവർ പറയുന്നു. പ്രതികൂല കാലാവസ്ഥയും വിപണിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിപണി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. കൃഷി ചെയ്ത ഭക്ഷ്യോത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്തിനാൽ കിലോകണക്കിന് ഉത്പന്നങ്ങളാണ് കൊവിഡ് ബാധിതർക്കും ദുരിതം അനുഭവിക്കുന്നവർക്കും സൗജന്യമായി കർഷകർ വിതരണം ചെയ്തത്.