കോട്ടയം : മീനച്ചിലാറ്റിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് മേജർ ഇറിഗേഷൻ വകുപ്പ് ആറ്റുതീരത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെ പരിസ്ഥിതിസംഘടനകൾ രംഗത്തെത്തിയതോടെ വിവാദം കനക്കുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ദോഷം വരുത്തുമെന്ന് വാദിച്ച് കോട്ടയം നേച്ചർ സൊസൈറ്റി നൽകിയ കേസ് ദേശീയഹരിത ട്രൈബ്യൂണൽ മദ്രാസ് ബെഞ്ച് ഫയലിൽ സ്വീകരിച്ചു. അടിയന്തിര റിപ്പോർട്ട് നൽകാൻ വിദഗ്ദ്ധ സമിതിയും രൂപീകരിച്ച് ഉത്തരവായി. കേസ് ഈ മാസം 29 ന് മാറ്റിയെങ്കിലും ദുരന്ത നിവാരണ നിയമത്തിൽപ്പെടുത്തി മീനച്ചിലാറ്റിൽ ജെ.സി.ബി ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്. മീനച്ചിലാറ്റിൻ തീരത്തുള്ള മരങ്ങൾ വേരോടെ പിഴുത് മാറ്റി കയർഭൂവസ്ത്രങ്ങൾ വിരിക്കുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പരിസ്ഥിതി സംഘടനകൾ.
ഹരിതട്രൈബ്യൂണൽ കണ്ടെത്തൽ
മീനച്ചിലാറ്റിലെ വെള്ളപ്പൊക്കം മുൻകൂട്ടിക്കണ്ട് തയ്യാറെടുപ്പുകൾ നടത്തുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ ശുഷ്കാന്തി കാണിച്ചില്ല
ബന്ധപ്പെട്ട ചട്ടങ്ങളും കോടതി വിധികളും അനുസരിച്ചുള്ള പഠനങ്ങൾ നടത്തിയില്ല, മുൻകാല ഉത്തരവുകൾ പാലിച്ചില്ല
മണൽ നീക്കം ചെയ്യുന്നതും തീരത്തെ മരങ്ങൾ മുറിക്കുന്നതും പരിസ്ഥിതി നാശമുണ്ടാക്കും
വിദഗ്ദ്ധ സമിതി അംഗങ്ങൾ
പരിസ്ഥിതി - വനം - കാലാവസ്ഥാ മന്ത്രാലയം ബംഗളൂരു മേഖലാ ഓഫീസിലെ വിദഗ്ദ്ധൻ
കേരള ബയോ ഡൈവേഴ്സിസ്റ്റി ഓഫീസിലെ സസ്യശാസ്ത്രജ്ഞൻ
കേരള വനം വന്യജീവി വകുപ്പിലെ എ.സി.എഫ്
മേജർ ഇറിഗേഷൻ വകുപ്പിലെ എക്സിക്യുട്ടീവ് എൻജിനിയർ
ശാസ്ത്രീയ പഠനം നടത്തിവേണം മീനച്ചിലാറ്റിൽ നിർമാണ പ്രവർത്തനം നടത്താൻ. നദിയുടെ ആഴം കൂട്ടുന്നതിന് പരിസ്ഥിതി പ്രവർത്തകർ എതിരായതിനാൽ വെള്ളപ്പൊക്കം തടയാൻ കഴിയാത്തതെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. താഴത്തങ്ങാടിയിൽ 20 ലക്ഷം ചെലവഴിച്ച് നിർമ്മിച്ച തടയണ ഒരു മഴയ്ക്ക് ഒലിച്ചു പോയി. ആ മണ്ണുപോലും ആറ്റിൽ നിന്ന് നീക്കം ചെയ്യാതെ വെള്ളപ്പൊക്കത്തിന് വഴിയൊരുക്കിയത് ഞങ്ങളല്ല.
ഡോ.കെ.ശ്രീകുമാർ, പ്രസിഡന്റ്
കോട്ടയം നേച്ചർ സൊസൈറ്റി