operation

കോട്ടയം : സംസ്ഥാന പൊലീസിന്റെ ഓപ്പറേഷൻ പി.ഹണ്ട് 21.1 ന്റെ ഭാഗമായി ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 31 കേസുകൾ. ലാപ്പ് ടോപ്പുകളും മൊബൈൽ ഫോണുകളും നെറ്റ് സെറ്ററുകളും അടക്കം പിടിച്ചെടുത്തു. ഇവ പരിശോധനയ്‌ക്കായി കൊച്ചിയിലെ സൈബർ ഫോറൻസിക് ലാബിലേയ്‌ക്ക് അയച്ചു. ഞായറാഴ്ച പുലർച്ചെ ഏഴ് മുതലായിരുന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, ഗാന്ധിനഗർ, പാമ്പാടി, പാലാ, മുണ്ടക്കയം ഈരാറ്റുപേട്ട, മണിമല, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പരിശോധന.

കുട്ടികളുടെ അശ്ലീല വീഡിയോ പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റുകൾ സ്ഥിരമായി സന്ദർശിക്കുകയും, ഈ വീഡിയോകൾ ഡൗൺ ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നവരുടെ വിശദാംശങ്ങൾ സൈബർ ഡോം ജില്ലാ പൊലീസിന് കൈമാറായിരുന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക് പേജുകൾ, ടെലിഗ്രാം അക്കൗണ്ടുകൾ എന്നിവ നിരീക്ഷിച്ചു.

പട്ടിക അയച്ചത് ഇന്റർപോൾ

സ്ഥിരമായി ഇന്റർനെറ്റിൽ കയറി കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരുടെ ഐ.പി വിലാസം പൊലീസിന് ഇന്റർപോളാണ് അയച്ചുനൽകിയത്. സ്ഥിരമായി കുട്ടികളുടെ അശ്ലീല വീഡിയോ പ്രസിദ്ധീകരിക്കുന്ന സൈറ്റുകളിൽ ഇവരിൽ ചിലർ സന്ദർശനം നടത്തുന്നതായി കണ്ടെത്തിയിരുന്നു. മാസങ്ങളായി ഇവർ നിരീക്ഷണത്തിലായിരുന്നു. വീഡിയോ ഡൗൺ ലോഡ‌് ചെയ്‌ത ശേഷം വാട്‌സ് ആപ്പും ടെലഗ്രാമും ഫേസ്ബുക്ക് മെസഞ്ചറും വഴി പങ്കു വച്ചിരുന്നതായും കണ്ടെത്തി. ഡൗൺ ലോഡ് ചെയ്‌ത ശേഷം ഇവ ഡിലീറ്റ് ചെയ്‌ത നിലയിലായിരുന്നു. ഇത് കണ്ടെത്തുന്നതിനാണ് ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്.