മുണ്ടക്കയം ഈസ്റ്റ്: പാട്ടത്തിനെടുത്ത ഭൂമിയിലെ നാനൂറോളം വാഴകൾ എസ്റ്റേറ്റ് മാനേജറുടെ നേതൃത്വത്തിൽ വെട്ടിനശിപ്പിച്ചതായി പരാതി.പരിസൺ ഗ്രൂപ്പ് ബോയ്‌സ് എസ്റ്റേറ്റിലെ പാട്ടകൃഷി നശിപ്പിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. തൊഴിൽരഹിതരായ 6 യുവാക്കൾ ചേർന്നാണ് തോട്ടത്തിലെ 13 ഏക്കർ ഭൂമിയിൽ കൃഷിയിറക്കിയത്. കഴിഞ്ഞ നവംബറിൽ ആരംഭിച്ച പതിനായിരത്തോളം വാഴകൾ ഇപ്പോൾ കുലച്ചു തുടങ്ങിയിരുന്നു. ഇതിനിടയിലാണ് എസ്റ്റേറ്റ് മാനേജർ തൊഴിലാളികളെ ഉപയോഗിച്ചു തിങ്കളാഴ്ച 400 ഓളം വാഴകൾ വെട്ടി നശിപ്പിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടിലായ യുവാക്കൾ ബാങ്ക് വായ്പയെടുത്താണ് കൃഷി നടത്തിയത്. തോട്ടം മാനേജ്‌മെന്റ് സ്ഥലത്തിന്റെ രേഖ കൃത്യമായി നൽകാതിരുന്നതിനാൽ കൃഷിക്ക് ഇൻഷ്വറൻസ് ലഭിക്കില്ലെന്ന് യുവാക്കൾ പറഞ്ഞു. സർക്കാരുമായുള്ള പാട്ട കാലാവധി കഴിഞ്ഞ തോട്ടത്തിനെതിരെ രാജമാണിക്യം കമ്മീഷൻ തുടർനടപടി സ്വീകരിച്ചതിന്റെ പേരിൽ തർക്കത്തിൽ കിടക്കുന്ന തോട്ടമാണിത്. ഇത് ലംഘിച്ചാണ് തോട്ടം മാനേജ്‌മെന്റ് കൈത ,വാഴ കൃഷിക്ക് ഭൂമി പാട്ടത്തിന് നൽകിയിരിക്കുന്നത്.
വാഴകൃഷി നശിപ്പിച്ച നടപടിക്കെതിരെ കൃഷി വകുപ്പ് മന്ത്രി, വാഴൂർ സോമൻ എം.എൽ.എ, കൊക്കയാർ കൃഷി ഓഫീസർ, പെരുവന്താനം പൊലീസ് എന്നിവർക്ക് പരാതി നൽകി.