പാലാ: സ്ഥിരം യാത്രക്കാരായ ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിൽ നിന്നായി ഏതാനും സർവീസുകൾ ആരംഭിച്ചു.
ഈരാറ്റുപേട്ട നിന്നും കോട്ടയത്തിനും പാലായിൽ നിന്നും എറണാകുളം, വൈക്കം റൂട്ടുകളിലുമാണ് ജീവനക്കാരുടെ ആവശ്യത്തെ തുടർന്ന് പ്രത്യേക സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ആവശ്യ സർവീസ് വിഭാഗങ്ങളും ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിച്ചതോടെ പൊതു ഗതാഗതം ഇല്ലാത്തത് യാത്രാപ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പുകളും ആരംഭിച്ചിരുന്നു. പാസഞ്ചേഴ്‌സ് അസോസിയേഷനും വിവിധ സംഘടനകളും ട്രാൻസ്‌പോർട്ട് മന്ത്രിയുടെ മുമ്പിൽ വിഷയം അവതരിപ്പിച്ചതോടെയാണ് നാമമാത്ര സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. പാലായിൽ നിന്നും രാവിലെ 8ന് വൈക്കത്തിനും തിരികെ 4ന് പാലായ്ക്കും രാവിലെ 7.15ന് എറണാകുളത്തിനും തിരികെ 5ന് പാലായ്ക്കും സർവീസ് ക്രമീകരിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും കോട്ടയത്തേക്ക് സർവീസുണ്ട്. കൂടുതൽ ജീവനക്കാർ അറിയിച്ചാൽ മറ്റ് റൂട്ടുകളിലും സർവീസ് ആരംഭിക്കും.