കട്ടപ്പന: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ജനം ഉറ്റുനോക്കിയിരുന്ന ആ ദിവസവും വന്നെത്തി. പെട്രോൾ വില സെഞ്ച്വറി കടന്നു. ലോക്ക് ഡൗണായതിനാൽ നടുറോഡിലിറങ്ങി ഒന്നും പ്രതിഷേധിക്കാൻ പോലും ആർക്കും കഴിഞ്ഞില്ല. സംസ്ഥാനത്ത് പ്രീമിയം പെട്രോൾ വില സെഞ്ച്വറി കടന്ന പമ്പുകളിൽ രണ്ടെണ്ണം ജില്ലയിലാണ്. പ്രീമിയം പെട്രോൾ ലിറ്ററിന് 101.03 രൂപയിലെത്തിയ അണക്കരയിലെ പെട്രോൾ പമ്പിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വില. കട്ടപ്പന ഐ.ടി.ഐ. ജംഗ്ഷനിലെ പമ്പിൽ വില 100.92 രൂപയാണ്. സാധാരണ പെട്രോളിന് 95.93, 95.30 രൂപയും ഡീസലിന് 91.17, 91.23 എന്നിങ്ങനെയുമാണ് വില. തിരഞ്ഞെടുപ്പിന് ശേഷം 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ വർഷം ഇതുവരെ 44 തവണ വില കൂട്ടിയപ്പോൾ 4 തവണ മാത്രമാണ് കുറച്ചത്.
ഇന്ധന വില വർദ്ധനക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. വൻ സാമ്പത്തിക പ്രതിസന്ധിയിലുള്ള സ്വകാര്യ ബസ് വ്യവസായം, ടാക്‌സി മേഖലകൾക്കെല്ലാം ഇന്ധന വില വർദ്ധന ഭീമമായ നഷ്ടത്തിലേക്ക് തള്ളിവിടും.
സുരേഷ് മതിയത്ത്(ടാക്‌സി ഡ്രൈവർ, കട്ടപ്പന)
ഇന്ധന വില 60 രൂപയായിരുന്നപ്പോൾ നിലവിൽ വന്ന ടാക്‌സി കൂലിയാണ് ഇപ്പോഴും തുടരുന്നത്. നിലവിലെ സാഹചര്യത്തിൽ ടാക്‌സി വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ലോക്ക്ഡൗൺ അവസാനിച്ചാലും ഇപ്പോഴത്തെ പ്രതിസന്ധിക്ക് അയവില്ല. മാസങ്ങളായി വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് ഇൻഷൂറൻസ് തുകയും വർദ്ധിപ്പിച്ചിരുന്നു. ഈ സ്ഥിതിയിൽ ഭൂരിഭാഗം ടാക്‌സി വാഹനങ്ങളും കട്ടപ്പുറത്താകുന്ന സ്ഥിതിയാണ്. നിയന്ത്രണങ്ങൾ ആരംഭിച്ചശേഷം യാതൊരു ആനുകൂല്യവും ലഭിക്കാത്തത് ടാക്‌സി ഡ്രൈവർമാരാണ്.
ജിബിൻ മാത്യു(പൊതുപ്രവർത്തകർ, കട്ടപ്പന)
രാജ്യം ഒന്നടങ്കം മഹാമാരിക്കെതിരെ പോരാടുന്ന കാലഘട്ടത്തിൽ ഇന്ധന വില കുത്തനെ വർദ്ധിപ്പിച്ചത് ജനത്തോടുള്ള വെല്ലുവിളിയാണ്. നരേന്ദ്രമോദി സർക്കാർ കോർപ്പറേറ്റുകളുടെ താത്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും സർക്കാരിനില്ല. ഇന്ധന വില വർദ്ധനയ്ക്ക് ആനുപാതികമായി നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടും. നിത്യച്ചെലവുകൾക്ക് പോലും ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ, അവശ്യ സാധനങ്ങളുടെ വില കൂടി വർദ്ധിച്ചാൽ സമൂഹത്തിൽ വലിയ പ്രതിസന്ധി ഉടലെടുക്കും.