കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിലെ ക്രമക്കേട് സംബന്ധിച്ച് ഇന്റേണൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇന്റേണൽ വിജിലൻസ് വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീലേഖയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒരാഴ്ചയ്ക്കുള്ളിൽ കളക്ടർക്ക് റിപ്പോർട്ട് നൽകും. പഞ്ചായത്ത് സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 2,85,000 രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. തുടർന്ന് അക്രഡിറ്റഡ് എഞ്ചിനീയർ, 2 ഓവർസീയർമാർ, 2 അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റുമാർ എന്നിവരെ കളക്ടർ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് ബി.ഡി.ഒയുടെ അന്വേഷണത്തിന് ശേഷം അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റുമാരെ പിരിച്ചുവിടാൻ നിർദേശിച്ചു.
2017 18 മുതൽ നടത്തിയ മെറ്റീരിയൽ ജോലികളിലാണ് ക്രമക്കേട് നടന്നത്. 967 മെറ്റീരിയൽ ജോലികളുടെ ബോർഡ് സ്ഥാപിക്കാൻ പഞ്ചായത്തിൽ ആക്ടിവിറ്റി ഗ്രൂപ്പ് രൂപീകരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. സി.ഡി.എസ്. ചെയർപേഴ്‌സനെ പ്രധാന ഭാരവാഹിയാക്കി ഏയ്ഞ്ചൽ എന്ന പേരിൽ നിയമവിരുദ്ധമായി ആകിറ്റിവിറ്റി ഗ്രൂപ്പ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ബോർഡ് നിർമിക്കാൻ ഗ്രൂപ്പിന്റെ പേരിൽ ഭരണ പക്ഷത്തെ 2 പഞ്ചായത്ത് അംഗങ്ങൾക്ക് കരാർ നൽകുകയായിരുന്നു. സാധാരണ ഒരു ബോർഡിന് ചെലവാകുന്നതിന്റെ നാലിരട്ടി തുകയാണ് കരാറിൽ വകയിരുത്തിയത്. കൂടാതെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയപ്പോൾ തുക ഇരട്ടിയാക്കിയും ക്രമക്കേട് നടത്തി. അഴിമതി സംബന്ധിച്ച് അയ്യപ്പൻകോവിൽ പഞ്ചായത്ത് രൂപീകരിച്ച സബ് കമ്മിറ്റിയും അന്വേഷണം നടത്തുന്നുണ്ട്.