thodu-wste

ചങ്ങനാശേരി: ചങ്ങനാശേരി ബോട്ട് ജെട്ടിയുടെ പടിഞ്ഞാറുള്ള കോട്ടയംതോട് നാശത്തിന്റെ വക്കിൽ. പ്ലാസ്റ്റിക് കുപ്പികളും പോളയും നിറഞ്ഞ് തോട് മലിനമായി. ഒഴുക്കും നിലച്ചു. ഇതോടെ കോട്ടയംതോട് നിർജീവാവസ്ഥയിലാണ്.

അശാസ്ത്രീയമായ കലുങ്കു നിർമ്മാണങ്ങളും തടസങ്ങളും ജലത്തിന്റെ ഒഴുക്ക് തടസപ്പെടുത്തി. ഇതുമൂലം ഒഴുക്ക് നിലച്ച് ജലം മലിനമാകുകയും പോളകൾ തോട്ടിൽ നിറയുകയും ചെയ്യുന്നു. ചങ്ങനാശേരി ബോട്ട് ജെട്ടിയുടെ പടിഞ്ഞാറ് വശത്തെ പാലത്തിൽ നിന്നും തുടങ്ങുന്ന ഒന്നര കിലോമീറ്റർ കോട്ടയംതോട് കുറ്റശ്ശേരിക്കടവിൽ എത്തുമ്പോൾ തടസമായി കലുങ്ക് നിൽക്കുന്നു. ഇവിടെ ഒഴുക്ക് നിലച്ച നിലയിലാണ്. പോള പാടത്തേക്ക് കയറാതിരിക്കാൻ കർഷകർ തടസം സൃഷ്ടിച്ചിരിക്കുന്നതിനാലാണ് ഒഴുക്ക് നിലച്ചിരിക്കുന്നത്. എം.സി റോഡിന്റെ പടിഞ്ഞാറുവശം മറ്റം വഴി ഒഴുകിയെത്തുന്ന വാലുമ്മേൽച്ചിറയിൽ മാലിന്യം നിറഞ്ഞു കിടക്കുകയാണ്. ഇത് ഒഴുകിയെത്തുന്നത് പറാൽ പാലത്തിന് സമീപമുള്ള തോട്ടിലേക്കാണ്. പ്ലാസ്റ്റിക്ക് കുപ്പികളും കൂടുകളും മാലിന്യവും ഇവിടെ വന്നടിയുന്നു.

നൂറുകണക്കിന് കുടുംബങ്ങൾ

ദുരിതത്തിൽ

നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശമായ പറാൽ തോടിന്റെ കരയിൽ താമസിക്കുന്നവർ തോട് മലിനമായതുമൂലം തീരാ ദുരിതത്തിലായി. നഗരസഭയുടെയും വാഴപ്പള്ളി പഞ്ചായത്തിന്റെയും അതിർത്തിയായ പറാൽ പാലത്തിനോട് ചേർന്നുള്ള കോട്ടയം തോടിന്റെ ഇരുകരകളിലായി താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളാണ് തോട്ടിൽ മാലിന്യം അടിഞ്ഞതിനാൽ ദുർഗന്ധപൂരിതമായ അന്തരീക്ഷത്തിൽ താമസിക്കുന്നത്.

തോട്ടിലെ ഒഴുക്ക് നിലച്ചിട്ട് മുപ്പത് വർഷത്തിലേറെയായി. ഇവിടെ പോളയും പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെയുടെ വസ്തുക്കൾ അടിഞ്ഞുകിടക്കുകയാണ്. കൽക്കെട്ടുകൾ തകർന്നു. തോട്ടിൽ വെള്ളമൊഴുക്കുനിലച്ചതിനാൽ ഊള അടഞ്ഞിരിക്കുകയാണ്. തോടിനു കുറുകെ ഇടുങ്ങിയ പാലങ്ങൾ വന്നതോടെ വള്ളം സഞ്ചരിക്കുന്നതിന് കഴിയാതായി.

അറ്റുപോയത് വ്യാപാരത്തിനായി

ഉപയോഗിച്ച യാത്രാപാത

ഈ തോട്ടിലൂടെയായിരുന്നു ചങ്ങനാശേരിയിൽ നിന്നും ജലമാർഗ്ഗം കോട്ടയം താഴത്തങ്ങാടിയിൽ യാത്രാ ബോട്ടുകളും ചരക്കു വള്ളങ്ങളും സഞ്ചരിച്ചിരുന്നത്. ചങ്ങനാശേരി ചന്തയും കോട്ടയവുമായുള്ള വ്യാപാര ബന്ധത്തിന്റെ യാത്രാപാതയാണ് മാലിന്യം നിറഞ്ഞ് അറ്റുപോയത്. ചങ്ങനാശേരിയിൽ നിന്നും കുമരംകരി, കാവാലം വഴിയാണ് ബോട്ടുകൾ കോട്ടയത്തിന് പോയിരുന്നത്. ചരക്കു വള്ളങ്ങൾ ഈരയിൽ നിന്നും തിരിഞ്ഞ് എളുപ്പവഴിയിലൂടെ താഴത്തങ്ങാടിയിൽ എത്തുമായിരുന്നു.

നവീകരിക്കണമെന്ന് ആവശ്യം
ദേശീയ, സംസ്ഥാന ജലപാതകൾ നവീകരിക്കുന്നതിന് സർക്കാരുകൾ പ്രാധാനം കൊടുക്കുന്ന അവസരത്തിൽ കോട്ടയം തോടും നവീകരിക്കുന്നതിനും ശുചീകരണം നടത്തുന്നതിനും ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് തോട്ടിൽ നിന്നും ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണും മാലിന്യവും നീക്കം ചെയ്തിരുന്നു. ഇതേപോലെ ഡ്രഡ്ജിംഗ് നടത്തിയാലെ ശാശ്വതമായ ഫലം ലഭിക്കൂ. പോള മാത്രം വാരി മാറ്റി കരയ്ക്ക് വയ്ക്കുന്ന പ്രവർത്തനമാണ് കാലങ്ങളായി നടക്കുന്നത്. നേരത്തെ തോട്ടിൽ ഒഴുക്കുണ്ടായിരുന്ന സമയത്ത് പോള ഇവിടെ നിന്നും ഒഴുകി കായലിലെത്തി തണ്ണീർമുക്കം ബണ്ടുവഴി കടലിൽ പതിക്കുമായിരുന്നു.