കോട്ടയം: കൊവിഡ് മൂലം കന്നുകാലികൾക്ക് കുളമ്പുരോഗത്തിനുള്ള പ്രതിരോധ കുത്തിവയ്പ് എടുത്തില്ല. കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ രോഗം അതിവേഗം പടരുന്നു. ഇതിനോടകം സംസ്ഥാനത്ത് 40 പശുക്കൾ ചത്തുവെന്നും 7,000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.
കുളമ്പുരോഗം തടയാൻ ആറു മാസം കൂടുമ്പോൾ കുത്തിവയ്പ് എടുക്കേണ്ടതാണ്. എന്നാൽ കൊവിഡ് വ്യാപകമായതോടെ അത് എടുക്കാൻ കർഷകർക്ക് സാധിച്ചില്ല. വാക്സിൻ ലഭ്യമാകാതിരുന്നതാണ് കാരണം. ഇതാണ് ഇപ്പോൾ രോഗം പടരാൻ കാരണമായതെന്ന് പറയുന്നു. 2020ന്റെ തുടക്കത്തിലാണ് അവസാനമായി കുളമ്പുരോഗത്തിനുള്ള പ്രതിരോധ കുത്തിവയ്പ് എടുത്തത്.
കുളമ്പുരോഗം അതിവേഗം പടരാൻ തുടങ്ങിയതോടെയാണ് മൃഗസംരക്ഷണ വകുപ്പ് നടപടികൾ ആരംഭിച്ചത്. ഒരു ലക്ഷം വാക്സിൻ വാങ്ങാൻ ഓർഡർ നല്കിയിട്ടുണ്ടെന്നും അടുത്തമാസത്തോടെ വാക്സിൻ എത്തുമെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. രോഗവ്യാപനം കൂടുതലുള്ള മൂന്ന് ജില്ലകളിലാവും ആദ്യം കുത്തിവയ്പ് നടത്തുക.
കഴിഞ്ഞവർഷം 18 ലക്ഷം കന്നുകാലികളെയാണ് കുത്തിവച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ കുത്തിവയ്പ് നടത്തേണ്ടതായിരുന്നു. പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചാവും കുത്തിവയ്പ് നടത്തുക.