kat

കോട്ടയം: വെള്ളപ്പൊക്കം തടയാനെന്ന പേരിൽ മീനച്ചിലാറിന് ആഴംകൂട്ടിയും തീരങ്ങളിലെ സസ്യജാലം വെട്ടി നശിപ്പിച്ചുമുള്ള നിർമാണ പ്രവർത്തനത്തിന് പകരം അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്നതിനെക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന ആവശ്യം ശക്തമായി. അതിനിടെ പരിസ്ഥിതി പ്രവർത്തകർ ഒരു വശത്തും ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും മറുവശത്തും അണിനിരന്നുള്ള പോരാട്ടം മുറുകുകയാണ്.

മീനച്ചിലാർ അളന്നു തിട്ടപ്പെടുത്തി റിപ്പോർട്ടു നൽകണമെന്ന് മുൻ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ആറ് മാസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉന്നത സമ്മർദ്ദത്താൽ ഇതു വരെ ജില്ലാ ഭരണകൂടം ഇതിന് തയ്യാറായിട്ടില്ല. പകരം നിർമാണ പ്രവർത്തനം നിറുത്തണമെന്ന ഹരിത ട്രൈബൂണലിന്റെ ഉത്തരവ് മറികടന്ന് കൊവിഡ് കാല ദുരന്തനിവാരണത്തിൽ പെടുത്തി നിർമാണ ജോലികൾ തുടരുകയാണ്.

 ചിലർ മീനച്ചിലാറിനെ നശിപ്പിക്കുന്നു:

കെ.ബിനു (വനം വന്യജീവി ബോർഡ് അംഗം)

മീനച്ചിലാറ്റിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങൾ മുറിക്കാൻ പി.ഡബ്ള്യൂ.ഡിക്ക് ആര് അധികാരം നൽകിയെന്നു വ്യക്തമാക്കണം. ട്രീ കമ്മിറ്റിയുടെ ഉത്തരവനുസരിച്ചേ മരം മുറിക്കാൻ അനുവാദമുള്ളൂ. .

ശുദ്ധജല കണ്ടൽ കാടുകൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വെള്ളപ്പൊക്കത്തിന് കാരണം മരങ്ങളല്ല .ആറിന്റെ തീരം കൈയ്യേറി തിട്ട കെട്ടി എടുത്ത് സ്വകാര്യ വ്യക്തികൾ കൃഷി ചെയ്യും. കൃഷി നാശം വരുമ്പോൾ നഷ്ടപരിഹാരം വാങ്ങും . ആറിന് അർഹതപ്പെട്ട സ്ഥലം സ്വകാര്യ വ്യക്തികൾക്ക് പതിച്ചു കൊടുക്കുന്നു. സ്വകാര്യ വ്യക്തികളുടെ കൈയ്യേറ്റത്തിനൊപ്പം സസ്യജാലങ്ങൾ നശിപ്പിക്കുന്നു

. ഓരോ നദിക്കും അതിന്റേതായ ആവാസവ്യവസ്ഥയുണ്ട്. പുഴക്കടിയിലെ മണ്ണിന്റെ സ്വഭാവപഠനം വേണം അല്ലെങ്കിൽ തിട്ട ഇടിയും.

നദിയിൽ ജെ.സി.ബി ഇറക്കാൻ അനുവാദം വേണം. മണ്ണു മാറ്റി ആഴം കൂട്ടിയാൽ വെള്ളപ്പൊക്കം മാറില്ല.

ഹരിത ട്രൈബൂണൽ സ്റ്റേ ഉണ്ടായിട്ടും വെള്ളപ്പൊക്കത്തിന്റെ കാരണം പറഞ്ഞു ദുരന്ത നിവാരണം എന്ന പഴുതുപയോഗിച്ച് കോടികൾ പാഴാക്കി മീനച്ചിലാറിനെ നശിപ്പിക്കുന്ന പരിപാടി അവസാനിപ്പിക്കണം.

പരിസ്ഥിതിക്കാർ തെറ്റിദ്ധാരണ പരത്തുന്നു:

കെ.അനിൽകുമാർ (മീനച്ചിലാർ മീനന്തലയാർ കോ ഒാർഡിനേറ്റർ)

ആറ്റിലെ മാലിന്യം നീക്കി എക്കൽ മാറ്റുന്നതിനൊപ്പം തീരത്തെ മരങ്ങളുടെ ശിഖരങ്ങളും ചെറിയ കമ്പുകളുമേ വെട്ടി മാറ്റുന്നുള്ളൂ. ഓരോ നദിക്കും പ്രത്യേക പഠനം വേണ്ട. പൊതു മാനേജ്മെന്റ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇറിഗേഷൻ ജോലി .സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ മരം മുറിക്കാൻ അനുമതിയില്ല . നദികളിൽ ഒഴുക്കുണ്ടാക്കാൻ മാത്രമുള്ള പദ്ധതിയാണിത് .പരിസ്ഥിതി പ്രവർത്തകർ തെറ്റിദ്ധാരണ പരത്തുന്നു. പ്രളയത്തിന് മുമ്പ് വെള്ളപ്പൊക്കം ഒഴിവാക്കാൻ മുൻ കരുതൽ വേണം . വേമ്പനാട്ട് കായൽ വരെ എത്തുന്ന തോടുകൾ തെളിക്കുന്ന പ്രവർത്തനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്.