ricemill

കോട്ടയം: സ്വകാര്യ അരിമില്ലുകാരുടെയും ഏജന്റുമാരുടെയും ചൂഷണത്തിൽ നിന്ന് രക്ഷപെടാൻ കോട്ടയത്ത് സഹകരണ മേഖലയിൽ മോഡേൺ റൈസ് മില്ല് വരുന്നു. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ നെൽ കർഷകരെ ഉൾപ്പെടുത്തി പാഡി സൊസൈറ്റി രൂപീകരിച്ചാണ് അത്യാധുനിക സജ്ജീകരണത്തോടെ റൈസ് മില്ല് തുടങ്ങുക. ഇതിനുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചു. തിരുവാർപ്പ്, കുമരകം, ആർപ്പൂക്കര, അയ്മനം പഞ്ചായത്തുകളിൽ എവിടെങ്കിലുമായിരിക്കും റൈസ് മില്ല് സ്ഥാപിക്കുക.

കൊയ്ത്ത് സമയത്ത് സ്വകാര്യ മില്ലുകാർ നെല്ലെടുക്കാൻ മടിക്കുന്നതും കിഴിവ് കൂടുതൽ ചോദിക്കുന്നതും കർഷകരെ ദുരിതത്തിലാക്കിയിരുന്നു. ക്വിന്റലിന് നാല് മുതൽ ഏഴു കിലോ വരെ നെല്ലാണ് കിഴിവായി കൂട്ടിനൽകേണ്ടത്. ഇത് കർഷകർക്ക് താങ്ങാനാവില്ല. ഇതിനിടയിൽ മില്ലുകാർക്ക് നെല്ല് എടുത്തുകൊടുക്കുന്ന ഏജന്റുമാരും പണം തട്ടിയെടുക്കുന്നുണ്ട്.

കാലടിയിലെയടക്കം മറ്റും മില്ലുകാർ നെല്ല് സംഭരണത്തിൽ നിന്നും വിട്ട് നിൽക്കുന്നതോടെ കർഷകർ അങ്കലാപ്പിലാവും. കാരണം, ഒരു മഴയെത്തിയാൽ കൊയ്തുകൂട്ടിയ നെല്ല് കിളിർത്തുതുടങ്ങും. ഇതോടെ കിഴിവ് വീണ്ടും കൂട്ടി കർഷകരിൽ നിന്നും നെല്ല് തട്ടിയെടുക്കുകയാണ് മില്ലുകാരുടെയും ഏജന്റുമാരുടെയും ലക്ഷ്യം. ഇത് കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കഴിഞ്ഞ സീസണിലും ഇതുതന്നെയുണ്ടായി. അവസാനം സർക്കാർ ഇടപെട്ടാണ് നെല്ല് സംഭരിക്കാൻ സ്വകാര്യ മില്ലുകാർ തയാറായത്. സ്വന്തമായി മില്ല് ഉണ്ടെങ്കിൽ അത് പുഴുങ്ങികുത്തി അരിയാക്കി സപ്ളൈകോയ്ക്കും കൺസ്യൂമർ ഫെഡിനും നേരിട്ട് നൽകാൻ കർഷകർക്ക് സാധിക്കും. സംഭരിക്കുന്ന നെല്ലിന് ഒരാഴ്ചക്കുള്ളിൽ പണം നൽകാനും സാധിക്കും. ഇത് കർഷകർക്ക് ഏറെ സഹായകമാവും.

കൊയ്തെടുക്കുന്ന നെല്ല് വിൽക്കുകയെന്നതാണ് ഇപ്പോൾ കർഷകർ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നം. 15,000 ഹെക്ടർ പാടമാണ് കോട്ടയം ജില്ലയിലുള്ളത്. 13,000 ഹെക്ടറിൽ പുഞ്ചകൃഷിയും 3,000 ഹെക്ടറിൽ വിരിപ്പുകൃഷിയുമാണ് നടത്തുന്നത്. ഇതിൽ ഏറെയും ചെറുകിട കർഷകരാണ്.

സർക്കാർ ഉടമസ്ഥതയിൽ ഓയിൽ പാം വെച്ചൂരിൽ മോഡേൺ റൈസ് മില്ല് നടത്തുന്നുണ്ട്. എന്നാൽ കുട്ടനാട്ടിൽ നിന്നും അപ്പർ കുട്ടനാട്ടിൽ നിന്നും ഇവർ കാര്യമായി നെല്ല് ശേഖരിക്കുന്നില്ല. മറ്റ് ജില്ലകളിൽ നിന്നുള്ള നെല്ലാണ് വെച്ചൂരിൽ പുഴുങ്ങി അരിയാക്കുന്നത്. കോട്ടയം ജില്ലക്കാർക്ക് പ്രയോജനം ലഭിക്കാത്തതോടെയാണ് ഇവിടെ മില്ല് സ്ഥാപിച്ച് കുട്ടനാട്ടിലെ നെല്ല് അരിയാക്കി വിപണിയിലെത്തിക്കാൻ തീരുമാനിച്ചത്. സഹകരണ മന്ത്രി വി.എൻ വാസവൻ കഴിഞ്ഞദിവസം കോട്ടയത്ത് മോഡേൺ അരിമില്ല് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് നടപടികളിലേക്ക് കടന്നത്. കോട്ടയത്തേത് പോലെ കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടും മോഡേൺ റൈസ് മില്ല് സ്ഥാപിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. കർഷകരെ ഉൾപ്പെടുത്തി കൊല്ലങ്കോട്ട് സ്ഥാപിക്കാനാണ് നീക്കം. ഇതിനായി പാലക്കാട്ടും കർഷകരുടെ സൈസൈറ്റി രൂപീകരിച്ചിട്ടുണ്ട്.