പാലാ: 'കൊവിഡ് പിടിപ്പിക്കാനാണോ ഞങ്ങൾ വാക്‌സിനേഷന് വന്നത്..... '
പാലാ ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷനെത്തി തിരക്കിൽപ്പെട്ട മദ്ധ്യവയസ്‌ക്കന്റെ ചോദ്യത്തിന് ആർക്കും മറുപടിയുണ്ടായില്ല. കഷ്ടിച്ച് നാൽപ്പതു പേർക്ക് മാത്രം നിന്നു തിരിയാനിടയുള്ളിടത്ത് തടിച്ചുകൂടിയത് അഞ്ഞൂറിൽപ്പരം ആളുകൾ .
കൊവിഡ് വാക്‌സിൻ സ്വീകരിക്കാനായെത്തി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ തിരക്ക് കൂട്ടിയ ആളുകളെ നിയന്ത്രിക്കാൻ വേണ്ട സൗകര്യങ്ങളൊന്നും ഇന്നലെ ജനറൽ ആശുപത്രിയിൽ ഏർപ്പെടുത്തിയിരുന്നില്ല. ഇവിടെ നിയോഗിച്ചിരുന്ന ഏക വനിതാ പൊലീസ് ഉദ്യോഗസ്ഥയും തിരക്കിൽ പെട്ടുപോയി. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും ഇടപെട്ടില്ല.
ആശുപത്രിയുടെ അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള കെട്ടിടത്തിലാണ് വാക്‌സിൻ നൽകാൻ സൗകര്യമേർപ്പെടുത്തിയിരിക്കുന്നത്. കഷ്ടിച്ച് നാൽപ്പതോളം പേർക്ക് മാത്രം നിൽക്കാനുള്ള ഇടമേ ഇവിടെയുള്ളൂ. അവിടെയാണ് അഞ്ഞൂറോളം പേർ തടിച്ചുകൂടിയത്.
കൊവാക്‌സിൻ രണ്ടാം ഘട്ടം വിതരണമാണ് ഇന്നലെ നടന്നത്. സാധാരണ നിലയിൽ 120 മുതൽ 150 വരെ ആളുകൾക്ക് മാത്രമാണ് ദിവസവും വാക്‌സിൻ കൊടുത്തിരുന്നതെങ്കിൽ ഇന്നലെ ഇവരുടെ എണ്ണം 300 ആക്കിയതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയതെന്ന് പാലാ ജനറൽ ആശുപത്രി ആർ.എം.ഒ. ഡോ. സോളി മാത്യു പറഞ്ഞു.
പേര് രജിസ്റ്റർ ചെയ്ത എല്ലാവർക്കും വാക്‌സിനേഷന് സൗകര്യമുണ്ടെന്നും ആരും തിരക്ക് കൂട്ടരുതെന്നും ആശുപത്രി ജീവനക്കാർ ആവർത്തിച്ച് പറഞ്ഞെങ്കിലും ജനക്കൂട്ടം വകവച്ചില്ല.
സ്ത്രീകൾ ഉൾപ്പെടെ, വാക്‌സിൻ എടുക്കാൻ വന്നവരുടെ കൂടെവന്നവർ കൂടി ആയതോടെയാണ് എണ്ണം അഞ്ഞൂറ് കവിഞ്ഞത്. ഇതിനിടെ മഴ പെയ്തതോടെ ഇടുങ്ങിയ വരാന്തയിലേക്ക് ജനം ഇരച്ച് കയറി. കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറന്നു. വാക്‌സിൻ സ്വീകരിക്കാൻ എത്തിയവർ രോഗവുമായി മടങ്ങേണ്ടി വരുമോ എന്ന ആശങ്കയും ഉയർന്നു. മൂന്ന് മണിക്കൂറോളം തിരക്ക് തുടർന്നു.
തിരക്ക് അനിയന്ത്രിതമായതോടെ എത്തിയവരിൽ ചിലർ, മാദ്ധ്യമപ്രവർത്തകരെ വിവരമറിയിച്ചു. ഇതേത്തുടർന്ന് വിഷയം നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കരയുടെ ശ്രദ്ധയിൽ പതിയുകയും ജനങ്ങളെ വേണ്ടവിധം മാറ്റി നിർത്താൻ ആശുപത്രി അധികൃതർക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകുകയും ചെയ്തു.
ഇന്നു മുതൽ ടോക്കൺ ഏർപ്പെടുത്തും
ഇന്നു മുതൽ പ്രത്യേക ടോക്കൺ സംവിധാനം വെച്ച് മാത്രമേ വാക്‌സിൻ നൽകുകയുള്ളു. സ്ഥലപരിമിതി കണക്കിലെടുത്ത് തിരക്കു നിയന്ത്രിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മിരാജന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആന്റോ ജോസ് , നഗരസഭാ ചെയർമാൻ
തിരക്കു നിയന്ത്രിക്കാൻ ഫലപ്രദമായ നടപടി സ്വീകരിക്കാൻ കഴിയാത്തത് അധികൃതരുടെ കഴിവുകേടാണ്. പ്രായോഗിക ബുദ്ധി എന്നൊരു സാധനമുണ്ട്. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന പലർക്കും ഇല്ലാത്തത് അതാണ്. ടോക്കൺ വാങ്ങാൻ ഇതിലും വലിയ തിരക്കുണ്ടായിട്ടുണ്ടെന്നതാണ് അനുഭവം. ഒാൺ ലൈനിൽ ടൈം സ്ലോട്ട് നിശ്ചയിച്ച് അതു പ്രകാരം ആളുകളെ കടത്തി വിട്ടുള്ള പഴയ സംവിധാനം അട്ടിമറിച്ചതെന്തിനാണ്.
- പരമേശ്വരൻ, കൊട്ടാരമറ്റം