vazha

മുണ്ടക്കയം ഈസ്റ്റ് : പാട്ടകൃഷിയിടത്തിലെ വാഴ വെട്ടി നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായതോടെ തോട്ടം മാനേജർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്റ്റേറ്റ് മാനേജർ കുര്യൻ ജോർജിനെ പ്രതിയാക്കിയാണ് പെരുവന്താനം പൊലീസ് കേസെടുത്തത്. സ്വയംതൊഴിൽ സംരഭമായി ബോയ്സ് പരിസൺ ഗ്രൂപ്പ് തോട്ടത്തിൽ കരാർ വ്യവസ്ഥയിൽ 6 യുവാക്കൾ ചേർന്ന് കൃഷി ചെയ്ത ഏത്തവാഴയിൽ 400 ഓളം വാഴകളാണ് വെട്ടിനശിപ്പിച്ചത്. കരാറുകാരുടെ പരാതിയെ തുടർന്ന് സ്ഥലത്ത് എത്തി പൊലീസ് മഹസർ തയ്യാറാക്കി. മാനേജറേയും വാഴ വെട്ടി കളഞ്ഞ മറ്റുള്ളവരെയും കേസിൽ പ്രതിപ്പട്ടികയിൽ ചേർത്തതായി എസ്.ഐ അബ്ദുൽ റഹ്മാൻ പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി , വാഴൂർ സോമൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ.പൗലോസ് എന്നിവർ സംഭവത്തിൽ പ്രതിഷേധിച്ചു.

2.80 ലക്ഷം രൂപയുടെ നഷ്ടം

ഏകദേശം 2.80 ലക്ഷം രൂപയുടെ നാശനഷ്ടമാണ് വിലയിരുത്തിയിരിക്കുന്നത്. 13 ഏക്കർ തോട്ടത്തിൽ വാഴ ഒന്നിന് 25 രൂപ പ്രകാരം പതിനായിരം വാഴയുടെ കൃഷിയ്ക്കാണ് യുവാക്കൾ കരാർ നടത്തി കൃഷി ചെയ്തു വന്നത്. കുലക്കാറായതായിരുന്നു ഭൂരിഭാഗം വാഴകളും.

കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കും.

കർഷകസംഘടന ഭാരവാഹികൾ