പൊൻകുന്നം : കാലിന് സ്വാധീനം നഷ്ടപ്പെട്ട മുൻ കായികതാരംകൂടിയായ വിദ്യാർത്ഥിനിക്ക് വിദ്യാഭ്യാസവകുപ്പ് ജീവനക്കാർ വീൽച്ചെയർ നൽകി. വാടകവീട്ടിൽ കഴിയുന്ന ഇടത്തംപറമ്പ് പല്ലാട്ട് ശശിയുടെയും സ്വപ്നയുടെയും മകളായ സൂര്യയ്ക്കാണ് സഹായമെത്തിച്ചത്. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.എൻ.ഗിരീഷ്‌കുമാർ വീൽച്ചെയർ കൈമാറി. വോളിബാൾ താരമായിരുന്ന സൂര്യക്ക് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കാലിന് വേദനയുണ്ടായി. പിന്നീട് ശസ്ത്രക്രിയയിൽ തുടയെല്ലിന്റെ ഒരുഭാഗം നീക്കം ചെയ്തതോടെയാണ് നടക്കാനാവാതെ വന്നത്.
പഞ്ചായത്തംഗം ഷാക്കി സജീവ്, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരായ പി.എം.ബിനേഷ്, സാംപ്രകാശ്, ആശാ വർക്കർ അനിത എന്നിവർ പങ്കെടുത്തു.