a

കുമരകം : കുമരകം റോഡരികിൽ മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമാകുന്നു. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി റോഡരികിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി വൃക്ഷ തൈകൾ നട്ട പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിച്ചത്. കുമരകം രണ്ടാം കലുങ്കിന് സമീപം റോഡിലും റോഡരികിലുമായാണ് കക്കൂസ് മാലിന്യം തള്ളിയത്. കുമരകം പെട്രോൾ പമ്പിന് സമീപം ഇറച്ചി കടയിലെ മാലിന്യങ്ങളും ചാക്കിൽ നിറച്ച് തള്ളിയിരുന്നു. ദുർഗന്ധം സഹിക്കാനാവാതെ പരിസരവാസികൾ ബ്ലീച്ചിംഗ് പൗഡർ വിതറി. വഴിവിളക്കില്ലാത്തതും പരിശോധനകളുടെ അപര്യാപ്തതയും ആണ് മാലിന്യങ്ങൾ തള്ളാൻ ഇടയാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. കവണാറ്റിൻകര മുതൽ കൈപ്പുഴ മുട്ട് വരെയുള്ള പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം തകൃതിയാണ്.