അടിമാലി: 20 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിലായി. ഇരുമ്പുപാലം ചില്ലത്തോട് എസ് സി കോളനി കാട്ടാഞ്ചേരിയിൽ കൃഷ്ണൻകുട്ടി(55) യെയാണ് അടിമാലി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി കെ രഘുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ പ്രദേശത്ത് വ്യാപകമായി വ്യാജമദ്യവും വാറ്റുചാരായവും വിൽപ്പന നടത്തുന്നു എന്ന പരാതി എക്‌സൈസിനും ഇടുക്കി എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോക്കും ലഭിച്ചിരുന്നു.ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വാറ്റ് ചാരായവും മറ്റു ഉപകരണങ്ങളുമായി പിടിയിലായത്.
ചാരായം മൊത്തമായും ആവശ്യക്കാർക്ക് ചില്ലറയായും വിറ്റ് വരുന്ന രീതിയാണ് കൃഷ്ണൻകുട്ടിയുടെത്.അടിമാലി ടൗണിൽ ഉൾപ്പെടെയുള്ള പ്രദേശത്ത് എത്തിച്ച മൊത്തമായി ലിറ്ററിന് 1500 രൂപ വരെ വിലക്ക് വരുന്നു. പ്രദേശവാസികൾക് ചില്ലറവിൽപ്പന 1500 മുതൽ 2000 രൂപവരെ ലിറ്ററിന് കണക്കാക്കിയാണ് വിൽപ്പന. കൃഷ്ണൻകുട്ടിയെ കൂടാതെ കൂടുതൽ പ്രതികൾ ഉള്ളതായും എക്‌സൈസ് സംശയിക്കുന്നു. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് അന്വേഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.പ്രിവന്റീവ് ഓഫീസർമാരായ പി എച്ച് ഉമ്മർ,കെ എൻ അനിൽ,സിവിൽ എക്‌സൈസ് ഓഫീസർമാരായ സുനീഷ് കുമാർ കെ.ബി, ശ്രീജിത്ത് എംഎസ്, ലിബിൻ രാജ്, ഇടുക്കി ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ കെ.കെ. സുരേഷ് കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.