raju
പി.കെ. രാജു തേനീച്ച പരിപാലനത്തിൽ

കട്ടപ്പന: തൊപ്പിപ്പാളയിലെ രാജുവിന്റെ ഉദ്യാനം തേനീച്ചകളുടെ വിഹാര കേന്ദ്രമാണ്. തേനീച്ചകളുടെയും തേൻ ഉത്പ്പന്നങ്ങളുടെയും അത്ഭുതലോകമാണ് ഇദ്ദേഹത്തിന്റെ സ്വന്തം ഹണി നഗർ. സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ച തുണ്ടുവയലിൽ പി.കെ. രാജു, കേരളത്തിലെതന്നെ മികച്ച തേനീച്ച കർഷകരിലൊരാളാണ്. പതിറ്റാണ്ടുകളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ഹൈറേഞ്ച് തേനീച്ച പരിപാലന കേന്ദ്രവും നടത്തിവരുന്നു. നെല്ലിക്ക തേൻ, ഏലയ്ക്ക തേൻ, കൂവളം തേൻ, മഞ്ഞൾ തേൻ തുടങ്ങി വിവിധയിനം തേൻ ഉത്പ്പന്നങ്ങളും ഇവിടെയുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ തേൻ ഉത്തമമാണ്. കൊവിഡ് വ്യാപനത്തെത്തുടർന്ന് തേനും ഉത്പ്പന്നങ്ങളും ഉപയോഗിക്കുന്നവർ വർദ്ധിച്ചു. സ്വന്തമായി ഉത്പ്പാദിപ്പിക്കുന്നതും കർഷകരിൽ നിന്ന് സംഭരിക്കുന്നവയിൽ ഗുണമേന്മയേറിയതുമായ തേൻ രാജ്യത്തുടനീളം കയറ്റി അയയ്ക്കുന്ന ഫാക്ടറിയും ഹണി നഗറിലുണ്ട്. രാജുവിനെ മാതൃകയാക്കി തേനീച്ച കർഷകരായവരും നിരവധിയാണ്. കർഷകരുടെ ഉത്പ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ആളുകളിലെത്തിക്കുന്ന മിത്രം പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് ഇദ്ദേഹം.