hunting

കോട്ടയം: നായാട്ടിന് പോകവേ അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിയുതിർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. വെണ്ണിയായി സ്വദേശികളായ മുകേഷിനും സന്തോഷിനുമാണ് പരിക്കേറ്റത്. മുകേഷിന്റെ നെഞ്ചിലാണ് വെടിയേറ്റത്. മുകേഷിന്റെ നില ഗുരുതരമായതിനാൽ തൊടുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സന്തോഷിന്റെ കഴുത്തിലാണ് വെടിയേറ്റത്.

ഇന്ന് പുലർച്ചെ 5.15ഓടെയാണ് ഇടുക്കി കരിമണ്ണൂർ മലയിൽതറയിലാണ് സംഭവം. നാല് മണിയോടെയാണ് അഞ്ചംഗ സംഘം നായാട്ടിനായി കാട്ടിലേക്ക് പോയത്. മൃഗങ്ങളെ നിരീക്ഷിച്ചുകൊണ്ട് നടക്കവേ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. സംഭവത്തെ തുടർന്ന് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഒളിവിൽ പോയി. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. തോക്കിന് ലൈസൻസ് ഉണ്ടോയെന്ന വിവരം അറിവായിട്ടില്ല. ഇവർ സ്ഥിരം നായാട്ടുകാരാണെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കൂടുതൽ അന്വേഷണം തുടരുകയാണ്. കരിമണ്ണൂർ പൊലീസ് കേസ്സെടുത്തിട്ടുണ്ട്.