rd

ചിങ്ങവനം : വർഷങ്ങളായി തകർന്ന് കിടക്കുന്ന പ്ലാമൂട് - ചിങ്ങവനം റോഡ് അറ്റകുറ്റപ്പണി നടത്താത്തത് പ്രദേശത്തെ യാത്രാദുരിതം ഇരട്ടിയാക്കി. പാക്കിൽ റെയിൽവേ ബ്രിഡ്ജ് നിർമ്മാണം നടക്കുന്നതിനാൽ പ്ലാമൂട് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞാണ് ചിങ്ങവനം, പാക്കിൽ കവല എന്നിവിടങ്ങളിലേയ്ക്ക് വാഹനങ്ങൾ കടന്നുപോകുന്നത്. പാലം പണി തുടങ്ങി വർഷങ്ങൾ കഴിഞ്ഞതിനാൽ, ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. പ്ലാമൂട് ജംഗ്ഷൻ ആരംഭിക്കുന്ന ഭാഗം മുതൽ ചിങ്ങവനം മേൽപ്പാലം ഭാഗം വരെ റോഡ് തകർന്ന് തരിപ്പണമായ നിലയിലാണ്. ചെറുതും വലുതുമായ നിരവധി കുഴികളാണുള്ളത്. മഴ പെയ്തതോടെ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. പലയിടത്തും ടാർ കാണാൻ പോലുമില്ല. മെറ്റിൽ നിരന്ന് കിടക്കുകയാണ്. ചെളിയിൽ കയറി വാഹനങ്ങൾ തെന്നി മറിയുന്നതും നിത്യസംഭവമാണ്.

റോഡിലേക്ക് വെള്ളം കയറുന്നു

റോഡിനു ഇരുവശവും പാടശേഖരമായതിനാൽ മഴക്കാലത്ത് റോഡിലേയ്ക്ക് വെള്ളം കയറുന്നതിനും ഇടയാക്കുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡ് മുഴുവൻ വെള്ളക്കെട്ടായിരിക്കുകയാണ്. റോഡ് അറ്റകുറ്റപ്പണി നടത്തി അപകടഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം.

നാളിതുവരെയായി അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. പരാതി പറഞ്ഞ് മടുത്തു. ഇനിയെങ്കിലും പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം. റോഡ് റീടാർ ചെയ്യണം.

രാജപ്പൻ, പ്രദേശവാസി

റോഡിൽ വലുതും ചെറുതുമായ കുഴികൾ

ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു

കാൽനടയാത്രയും അസാദ്ധ്യമായി