പാലാ : നിർദ്ദിഷ്ട മീനച്ചിൽ റിവർവാലി പദ്ധതിയ്ക്ക് വീണ്ടും ജീവൻവയ്ക്കുന്നു. ഇന്നലെ പദ്ധതി പ്രദേശങ്ങളിൽ ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. സൂപ്രണ്ടിംഗ് എൻജിനിയർ ശ്രീകലയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എക്‌സിക്യുട്ടീവ് എൻജിനിയർ ഷീല അശോകൻ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ബിന്ദു ദിവാകരൻ,അസിസ്റ്റന്റ് എൻജിനിയർമാർ,മറ്റ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ്, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ, പഞ്ചായത്ത് അംഗങ്ങളായ അജിത്ത് ജോർജ്, ജോളി തോമസ്,ജിൻസി ഡാനിയേൽ എന്നിവരും ഉദ്യോഗസ്ഥരോടൊപ്പം വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. പദ്ധതിയുടെ ഭാഗമായി ചെക്ക് ഡാമുകൾ നിർമ്മിക്കാൻ നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങളായ കളത്തൂക്കടവ് രണ്ടാറ്റുമുന്നി, ചകിണിയാംതടം റെഗുലേറ്റർ കം ബ്രിഡ്ജ്, ചില്ലിചി ചെക്ക്ഡാം കം ബ്രിഡ്ജ്,മലങ്കര ഡാമിൽ നിന്നും വെള്ളം എത്തിക്കുന്ന മൂന്നിലവ് ടൗണിനോട് ചേർന്ന തുരങ്ക പദ്ധതി പ്രദേശം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.