പാലാ : ''അഞ്ചു കോടിയൊന്നും പറ്റില്ല, വേണെങ്കിൽ പിടിച്ചോ ഇരുപതിനായിരം. ഞങ്ങൾക്ക് മൂന്നേ മൂന്നു കണക്ഷൻ മതി. വാട്ടർ അതോറിറ്റിയോട് ഇന്നലെ ചേർന്ന പാലാ നഗരസഭാ കൗൺസിലിന് പറയാനുള്ളത് ഇത്രമാത്രം. ഇന്നലെ ഓൺലൈനായി ചേർന്ന കൗൺസിൽ യോഗത്തിൽ അഞ്ചുകോടിയുടെ വെള്ളക്കുടിശ്ശിക സജീവ ചർച്ചയായി. ഇതു സംബന്ധിച്ച് ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയും പരാമർശിക്കപ്പെട്ടു. വാട്ടർഅതോറിറ്റി തന്ന കോടിക്കണക്കിനു രൂപയുടെ ബില്ല് ക്രമപ്രകാരമല്ല. ബില്ലിലെ അപാകതകൾ കൂടി ചൂണ്ടിക്കാട്ടി സർക്കാരിന് നിവേദനം നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.
യഥാസമയം ബില്ല് പോലും നൽകാതെ കോടികളുടെ കുടിശിക കണക്കുമായി വന്നാൽ അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നും എത്രയും വേഗം സർക്കാരിന് നിവേദനം കൊടുക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനിയും പറഞ്ഞു. തത്ക്കാലം മൂന്ന് കണക്ഷന്റെ വാട്ടർചാർജ് ഓരോ രണ്ടുമാസവും കൂടുമ്പോൾ അടയ്ക്കാമെന്നാണ് കൗൺസിൽ യോഗത്തിലെ തീരുമാനം. ഇത് ഇരുപതിനായിരത്തോളം രൂപ വരും. നഗരസഭ വക എ.സി ഹാൾ, ടൗൺ ഹാൾ, മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിലെ വാട്ടർചാർജ് മാത്രമേ അടയ്‌ക്കേക്കേണ്ടതുള്ളൂവെന്ന് കൗൺസിൽ യോഗം ചൂണ്ടിക്കാട്ടി. മറ്റ് കണക്ഷനുകൾ ഒഴിവാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടും. കഴിഞ്ഞ 17 വർഷമായി തുടരുന്ന കുടിശ്ശികയാണിപ്പോൾ അഞ്ചു കോടിയോളം രൂപയിൽ എത്തി നിൽക്കുന്നതെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.