പാലാ : നൂറിൽപ്പരം ബസുകളുമായി ജില്ലയിൽ തലയെടുപ്പോടെ നിലനിന്ന കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ ഇനി അവശേഷിക്കുന്നത് 50ൽപ്പരം ബസുകൾ മാത്രം. ഇതോടെ പാലാ മേഖലയിൽ ബസ് യാത്രക്കാർക്ക് ഇനി ദുരിതയാത്രാക്കാലമായിരിക്കും. 15 മിനിട്ട് ഇടവിട്ട് എല്ലാ റൂട്ടിലും ഓടിയിരുന്ന ബസുകൾ കാത്ത് ഇനി നിൽക്കേണ്ടതില്ല. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ ഫാസ്റ്റ് പാസഞ്ചർ, ദീർഘദൂര സൂപ്പർ ക്ലാസ് സർവീസ് ഉണ്ടായിരുന്ന പാലാ ഡിപ്പോ സബ് ഡിപ്പോ പദവിയിലേക്ക് കൂപ്പുകുത്തുകയാണ്. ജീവനക്കാരെയടക്കം കൂട്ടത്തോടെ സ്ഥലംമാറ്റി. പരമാവധി 46 സർവീസുകൾ മാത്രം നടത്താനുള്ള ജീവനക്കാരാണ് ഇനി അവശേഷിക്കുന്നത്. ആരെങ്കിലും അവധി എടുക്കുകയോ വിരമിക്കുകയോ ചെയ്താൽ പല സർവീസുകളും മുടങ്ങും.
പാലാക്കാർ എവിടെപ്പോയാലും രാത്രി വൈകിയാലും തിരികെ എത്തിച്ചേരുവാനുള്ള യാത്രാ സൗകര്യം പ്രധാന സ്റ്റേഷനുകളിൽ നിന്ന് ഉറപ്പായിരുന്നു. നിലവിലുള്ള ബസുകൾ പലതും ഓടി തളർന്നവയുമാണ്.
ഓർഡിനറി ബസുകൾ നിലയ്ക്കും
നിലവിലെ സ്ഥിതി അനുസരിച്ച് ഓർഡിനറി ബസുകൾ പാടെ നിലയ്ക്കും. 22 ബസുകളാണ് അടുത്ത കാലത്തായി പാലായിൽ നിന്ന് മറ്റ് ഭാഗങ്ങളിലേക്ക് കടത്തിയിരിക്കുന്നത്. ഇനി പാലാ വഴി കടന്നു പോകുന്ന മറ്റുഡിപ്പോകളുടെ ബസുകൾ എത്തിയാൽ മാത്രം യാത്ര ചെയ്യാം.അല്ലെങ്കിൽ ഫാസ്റ്റ് പാസഞ്ചറിൽ കൂടതൽ ചാർജ് നൽകി പോകാം. രാത്രിയിലെ സ്റ്റേ സർവീസുകളും ഇനി ഉണ്ടാവില്ല. സ്വകാര്യ ഓപ്പറേറ്റർമാർ പിടിച്ചടക്കിയ ദ്വീർഘദൂര സർവീസുകൾ തിരികെ കൈവശപ്പെടുത്തി പാലാ ഡിപ്പോ നിരവധി ടേക്ക് ഓവർ ദീർഘദൂര സർവീസുകൾ ആരംഭിച്ചിരുന്നു. ഇതിനെതിരെ തുടക്കം മുതൽ പാരവയ്പ്പ് സജീവമായിരുന്നു.
നാഥനില്ലാക്കളരി
104 ബസുകളും 96ൽപ്പരം ഷെഡ്യൂളുകളും ഉണ്ടായിരുന്നപ്പോൾ നൂറു കണക്കിന് പേർ ഇവിടെ ജോലി ചെയ്തിരുന്നു. പാലായിലെ ഏറ്റവും വലിയ തൊഴിലിടം കൂടിയായിരുന്നു പാലാ മോഡൽ ഡിപ്പോ. കഴിഞ്ഞ രണ്ട് വർഷമായി നാഥനില്ലാക്കളരിയായതോടെയാണ് ഡിപ്പോയ്ക്ക് ഈ ഗതി ഉണ്ടായതെന്ന് പാമ്പഞ്ചേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി.
സ്വന്തം വാഹനമില്ലാത്ത സാധാരണക്കാരായയാത്രക്കാരോടുള്ള വെല്ലുവിളിയാണിത്. കടത്തിക്കൊണ്ടുപോയ ബസുകൾ എല്ലാം തിരികെ ഡിപ്പോയ്ക്ക് നൽകണം.
പാസഞ്ചേഴ്‌സ് അസോസിയേഷൻ