പാലാ : ഒരാഴ്ച മുമ്പ് പാലാ എക്‌സൈസ് റേഞ്ച് ഓഫീസിൽ പ്രിവന്റീവ് ഓഫീസറായെത്തിയ ആനന്ദ് രാജും സംഘവും കളത്തിലിറങ്ങിയതോടെ വ്യാജചാരായം വിറ്റതിന് പിടികൂടിയത് 8 പേരെ. 500 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും പിടിച്ചെടുത്തു. നേരത്തേ വിവിധ ജില്ലകളിൽ എക്‌സൈസ് ഐ.ബിയിലും, ഷാഡോ ടീമിലും ജോലി ചെയ്തിട്ടുള്ള ആനന്ദ് രാജിന്റെ നേതൃത്വത്തിൽ നിരവധി വ്യാജമദ്യ മയക്കുമരുന്ന് വേട്ടകൾ നടത്തിയിരുന്നു. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സൂൽഫിക്കറിന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന. കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ മദ്യശാലകൾ അടഞ്ഞതോടെയാണ് വ്യാജ വാറ്റുകേന്ദ്രങ്ങൾ സജീവമായത്. ഒരു ലിറ്റർ ചാരായത്തിന് 2000 രൂപ വരെയായിരുന്നു വാങ്ങിയിരുന്നത്. ഒരു വനിതയും വ്യാജവാറ്റ് നടത്തിയതിന് പിടിയിലായി. പതിനായിരത്തോളം രൂപയും മാരുതി ആൾട്ടോ കാറും പിടിച്ചെടുത്തു. എന്നാൽ കഞ്ചാവ്, മയക്കുമരുന്ന് വില്പന ഇപ്പോഴും തകൃതിയാണ്. മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9400069517, 04822216729 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.