എലിക്കുളം: വിജയത്തേരിലേറി എലിക്കുളം നാട്ടുചന്ത നൂറാം ദിവസത്തിൽ. എലിക്കുളം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, തളിർ പച്ചക്കറി ഉല്പാദക സംഘം എന്നിവയുടെ സഹകരണത്തോടെ 2019 ജൂലായ് 4നാണ് നാട്ടുചന്തയ്ക്ക് തുടക്കമിട്ടത്. എല്ലാ വ്യാഴാഴ്ച ദിവസവും രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1വരെ കുരുവിക്കൂട് കവലയിലാണ് പ്രവർത്തനം. എലിക്കുളം, ഉരുളികുന്നം, മല്ലികശ്ശേരി, പാമ്പോലി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർക്ക് തങ്ങളുടെ കാർഷിക ഉല്പന്നങ്ങൾ വിൽക്കാനും തങ്ങൾക്കാവശ്യമുള്ളവ വാങ്ങാനുമുള്ള ഒരു വേദിയായിരുന്നു നാട്ടുചന്ത. ലോക്ഡൗണിന് മുൻപ് വളർത്തു മൃഗങ്ങളേയും,
പക്ഷികളേയും വരെ ഇവിടെ ലേലം ചെയ്തിരുന്നു.ലോക്ഡൗൺ കാലത്ത് തിരക്ക് ഒഴിവാക്കാൻ കർഷകരുടെ ഉല്പന്നങ്ങൾ അവരുടെ വീടുകളിൽ ചെന്ന് ശേഖരിക്കുകയും വിറ്റുകിട്ടുന്ന പണം കർഷകന്റെ കൈകളിൽ തന്നെ എത്തിക്കുകയും ചെയ്തിരുന്നു. തിരിച്ച് കർഷകർക്ക് ആവശ്യമുള്ള സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകിയുമായിരുന്നു ലോക്ക്ഡൗൺ കാലത്തെ പ്രവർത്തനം. വി.എസ്.സെബാസ്റ്റ്യൻ വെച്ചൂർ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, സാബിച്ചൻ പാംപ്ലാനിയിൽ, മാത്യൂസ് മാത്യു, രാജു അമ്പലത്തറ, ജിബിൻവെട്ടം, മോഹനകുമാർ കുന്നപ്പള്ളി കരോട്ട്, വിൽസൺ പാമ്പൂരിയ്ക്കൽ, ശശിധരൻ പാമ്പാടിയത്ത്, സോണിച്ചൻ ഗണപതി പ്ലാക്കൽ, ഔസേപ്പച്ചൻ ഞാറയ്ക്കൽ, ജഗദീശ് എൻ.ടി.എന്നിവരാണ് സംഘാടകർ.