കുമരകം : പ്രളയജലത്തോട് പടവെട്ടി കഴിഞ്ഞ രണ്ടു വർഷങ്ങളിലും വിരിപ്പു കൃഷി സംരക്ഷിച്ച വട്ടക്കായൽ തട്ടേപ്പാടം പാടത്ത് വിത ഉദ്ഘാടനം നടത്തി. ഏറ്റുമാനൂർ ബ്ലോക്കിൽ ഈ വർഷം ആദ്യം വിരിപ്പുകൃഷി ഇറക്കുന്നത് ഇവിടെയാണ്. 2018 ലെ വിരിപ്പു കൃഷി പ്രതീക്ഷക്കപ്പുറം വെള്ളം പൊങ്ങി നശിച്ചെങ്കിലും പിന്നീട് നടത്തിയ രണ്ട് വിരിപ്പു കൃഷികളും സംരക്ഷിക്കാനായതിന്റെ ഊർജ്ജം ഉൾക്കൊണ്ടാണ് ഇക്കുറിയും 196 ഏക്കറുള്ള പാടത്തെ 96 കർഷകരും രംഗത്തെത്തിയത്. കർഷകർ പരിച്ചെടുത്ത പണം മുടക്കി പുറംബണ്ട് സംരക്ഷണ പ്രവർത്തനങ്ങൾ വെള്ളപ്പൊക്കത്തിന് കാത്തു നില്ക്കാതെ ആരംഭിച്ചു. ബണ്ട് സംരക്ഷണത്തിനായി മീറ്ററിന് 60 രൂപ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 50 ശതമാനം സബ്‌സിഡി നിരക്കിൽ ലഭിച്ച ഉമവിത്താണ് വിതച്ചത്. വിത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി നിർവഹിച്ചു. അഗ്രിക്കൾച്ചർ ഓഫീസർ ജോസ്‌ന ജോഫി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്, ബ്ലോക്ക് പബായത്ത് അംഗം കെ.ബി.രതീഷ് , പാടശേഖരം പ്രസിഡന്റ് ഹരിദാസ്, പഞ്ചായത്ത് അംഗം മിനി ബിജു തുടങ്ങിയർ നേതൃത്വം നൽകി.


വിരിപ്പുകൃഷി കർഷകന് ഭാഗ്യപരീക്ഷണം ആണ്. പ്രകൃതിയോട് മല്ലടിച്ച് ഉത്പാദിപ്പിക്കുന്ന നെല്ല് സംഭരണത്തിെലെ ചൂഷണത്തിന് പരിഹാരം കണ്ടെത്തുകയും നെല്ലുവില താമസം കൂടാതെ കിട്ടാനുമുള്ള ക്രമീകരണം ചെയ്യണം.
എ.പി.വിനീത്, പാടശേഖരസമിതി, സെക്രട്ടറി